18 April 2024 Thursday

മധ്യപ്രദേശില്‍ യുദ്ധവിമാനം തകര്‍ന്നുവീണ അപകടം; ഒരു പൈലറ്റ് മരിച്ചു

ckmnews

മധ്യപ്രദേശില്‍ യുദ്ധവിമാനം തകര്‍ന്നുവീണ അപകടത്തില്‍ പൈലറ്റിന് വീരമൃത്യു. മധ്യപ്രദേശിലെ ഗ്വയ്ലര്‍ എയര്‍ ബേസില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പരിശീലന ദൗത്യത്തിലായിരുന്ന വിമാനങ്ങള്‍ 30 മീറ്ററോളം ഉയരത്തില്‍ നിന്നാണ് താഴേക്ക് തകര്‍ന്നുവീണത്.

അപകട കാരണം കണ്ടെത്താന്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


റഷ്യന്‍ നിര്‍മ്മിത സുഖോയ് എസ്യു-30 വിമാനവും ഫ്രഞ്ച് നിര്‍മ്മിത മിറാഷ് 2000 ഉം ആണ് തകര്‍ന്നത്. രണ്ട് വിമാനങ്ങളിലുമായി മൂന്ന് പൈലറ്റുമാര്‍ ഉണ്ടായിരുന്നു. വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കാന്‍ പ്രാദേശിക ഭരണകൂടത്തിനും ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.


കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അരുണാചല്‍ പ്രദേശില്‍ ചൈനയുടെ അതിര്‍ത്തിക്കടുത്തുള്ള ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 2021 ഡിസംബറിലെ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ഇന്ത്യയുടെ സായുധ സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടത്.