18 April 2024 Thursday

മണത്തല ചന്ദനക്കുടം നേർച്ച ഇന്നും നാളെയും

ckmnews

ചാവക്കാട്: മതസൗഹാർദത്തിന്റെയും ദേശസ്നേഹത്തിന്റെയും അലയൊലികളുമായി മണത്തല നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ വീരചരമത്തിന്റെ ഓർമപുതുക്കി മണത്തല ചന്ദനക്കുടം നേർച്ച ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കും. രണ്ടു ദിവസങ്ങളിലായി നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 33 കാഴ്ചകൾ മണത്തല ജാറത്തിലെത്തും. ശനിയാഴ്ച രാവിലെ ബ്ലാങ്ങാട് ബീച്ച് സെന്ററിൽനിന്ന് പുറപ്പെടുന്ന സ്പോട്ട് ലൈറ്റ് കാഴ്ചയോടെ രണ്ടുദിവസം നീളുന്ന നേർച്ചയ്ക്ക് തുടക്കംകുറിക്കും.


രാവിലെ 11-ന് ആദ്യ കാഴ്ചയായ സ്പോട്ട് ലൈറ്റ് കാഴ്ച ജാറിലെത്തും. വൈകീട്ട് 13 കാഴ്ചകൾ കൂടിയെത്തും. രാത്രി ഒന്നിന് ശനിയാഴ്ചത്തെ അവസാന കാഴ്ചയെത്തും. നേർച്ചയുടെ പ്രധാനദിനമായ ഞായറാഴ്ച രാവിലെ ഒമ്പതിന് ചാവക്കാട് ടൗൺ പള്ളിക്ക് പിന്നിൽനിന്ന് പ്രധാന ചടങ്ങുകളിലൊന്നായ താബൂത്ത് കാഴ്ച പുറപ്പെടും.


നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഉച്ചക്ക് 12-ഓടെ ജാറത്തിലെത്തും. ഇതിനു പിന്നാലെ നാല് കൊടികയറ്റ കാഴ്ചകളെത്തി പള്ളിയങ്കണത്തിലെ താണിമരങ്ങളിലും പ്രത്യേകം സ്ഥാപിച്ച കൊടിമരങ്ങളിലും കൊടികൾ കയറ്റും. വൈകീട്ട് ആറിന് നാട്ടുകാഴ്ചകൾ പള്ളിയങ്കണത്തിലെത്തും. താബൂത്ത് കാഴ്ച ഉൾപ്പെടെ 19 കാഴ്ചകൾ ഞായറാഴ്ച ഉണ്ടാവും.