19 April 2024 Friday

പോക്സോ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങി; അതിജീവിതയെ പ്രതി മാനസികമായി പീഡിപ്പിക്കുന്നെന്ന പരാതിയുമായി കുടുംബം

ckmnews

തിരുവനന്തപുരം: വർക്കലയിൽ പോക്സോ കെസിൽ റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങി അതിജീവിതയെയും കുടുംബത്തെയും മാനസികമായി തളർത്താൻ ശ്രമമെന്ന് പരാതി. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നുള്ള ആവശ്യവുമായി കുടുംബം. അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കല്ലമ്പലം സ്വദേശി സുമീഷിനെതിരെയാണ് അതിജീവിതയുടെ വീട്ടുകാർ‌ പരാതി ഉന്നയിക്കുന്നത്. 


അതിജീവിതയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ പാടില്ല എന്ന ഇന്ത്യൻ നിയമ വ്യവസ്ഥ ലംഘിച്ചു കൊണ്ട് സഹപാഠികളോടും ബന്ധുക്കളോടും വിവരങ്ങൾ പങ്കുവച്ചുവെന്നുള്ള ഗുരുതര ആരോപണങ്ങളാണ് അതിജീവിതയുടെ കുടുംബം ഉന്നയിക്കുന്നത്. ഭയത്തോടെയാണ് കഴിയുന്നതെന്ന് കുടുംബത്തിന്റെ പരാതിയിൽ പറയുന്നുണ്ട്. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ പലരോടും അതിജീവിതയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ അനാവശ്യങ്ങൾ പറഞ്ഞു നടക്കുന്നത് ബോധ്യപ്പെട്ട കുടുംബം അയിരൂർ പൊലീസിൽ പരാതി നൽകിയെങ്കിലും നാളിതുവരെ സംഭവത്തിൽ നടപടി സ്വീകരിക്കുവാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും കുടുംബം പറയുന്നു. തുടർന്നാണ് മുഖ്യമന്ത്രിക്കും വർക്കല ഡി വൈ എസ് പി ക്കും പരാതി നൽകിയത്.

കുട്ടിയുടെ പെരുമാറ്റത്തിൽ സാരമായ വ്യത്യാസം കണ്ടതിനെ തുടർന്ന് അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിം​ഗിലാണ് കുട്ടിയെ കുടുംബ സുഹൃത്ത് ആയ സുമീഷ് ശാരീരികമായി ഉപദ്രവിച്ചു എന്ന വിവരം പുറത്ത് അറിയുന്നത്. ചൈൽഡ് ലൈനിൽ നിന്ന് ഇക്കഴിഞ്ഞ ഡിസംബർ 16 ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അയിരൂർ പൊലീസ് കേസെടുത്ത് സുമീഷിനെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. എന്നാൽ ഡിസംബർ മാസം തന്നെ ഇയാൾ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി ജയിലിൽ നിന്ന് പുറത്തിറങ്ങി. പ്രതിയില്‍ നിന്ന് ഭീഷണി ഉള്‍പ്പെടെയുണ്ടെന്ന ഗുരുതര പരാതിയാണ് മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്.