28 March 2024 Thursday

കോടതിയിൽ ഹാജരാക്കുന്നതിനിടെ പൊലീസിനെ വെട്ടിച്ച് ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിൽ

ckmnews

ഇടുക്കി നെടുങ്കണ്ടത്ത് കോടതിയിൽ ഹാജരാക്കുന്നതിനിടെ പൊലീസിനെ വെട്ടിച്ച് ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിൽ. നാലാം ദിവസമാണ് പ്രതി പിടിയിലായത്. പ്രതിയുടെ വീടിന് സമീപത്ത് വച്ച് തന്നെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതി ചാടിപ്പോയ സംഭവത്തിൽ രണ്ട് സിവിൽ പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു

സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ അച്ഛനാണ് നെടുങ്കണ്ടം മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കാൻ എത്തിച്ചപ്പോൾ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. അമ്മ മരിച്ചതിനെ തുടർന്ന് ഹോസ്റ്റലിൽ നിന്നാണ് ഏഴാം ക്ലാസുകാരി പഠിക്കുന്നത്. ഇവിടെ നിന്നും കഴിഞ്ഞ മെയ് മാസത്തിൽ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. രാത്രി കിടന്നുറങ്ങിയപ്പോൾ അച്ഛൻ കടന്നുപിടിച്ചുവെന്നാണ് മൊഴി. അമ്മയുടെ സഹോദരിയുടെ വീട്ടിൽ എത്തിയപ്പോഴാണ് ബാലഗ്രാം സ്വദേശിയായ ബന്ധു പീഡിപ്പിക്കാൻ ശ്രമിച്ചത്.


സ്വന്തം വീടിനോട് ചേർന്നുള്ള ഷെഡിൽ വച്ച് അച്ഛൻറെ സുഹൃത്ത് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. ഇയാൾ ഇപ്പോൾ വിദേശത്താണ്. ഹോസ്റ്റലിൽ വച്ച് നൽകിയ കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഹോസ്റ്റൽ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് നെടുങ്കണ്ടം പൊലീസ് കേസ് അന്വേഷണം നടത്തിയ ശേഷമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇളയ സഹോദരനോടും പിതാവ് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസ്

സംഭവത്തിൽ ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് കട്ടപ്പന ഡി.വൈഎസ്പിയോട് വിശദമായ റിപ്പോർട്ട് ആവശ്യപെട്ടിരുന്നു. ഗുരുതര കൃത്യവിലോപം നടത്തിയതായി കണ്ടതിനെ തുടർന്നാണ് രണ്ട് പേരെ സസ്പെൻഡ് ചെയ്തത്. രണ്ട് പ്രതികളെ കൊണ്ടുപോകുമ്പോൾ സുരക്ഷയ്ക്കായി ആറ് പൊലീസുകാർ എങ്കിലും വേണമെന്നിരിക്കെ രണ്ട് പേർ മാത്രമാണ് പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ എത്തിയത്