19 April 2024 Friday

‘നേതാക്കൾക്ക് അസഹിഷ്ണുത, പദവികളിൽ തുടരില്ല’; അനിൽ ആന്റണി രാജിവച്ചു

ckmnews

ദില്ലി: ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ കോണ്‍ഗ്രസിൽ നിന്നും കടുത്ത വിമ‍ര്‍ശനമേറ്റു വാങ്ങേണ്ടി വന്ന അനിൽ ആൻ്റണി പാര്‍ട്ടി പദവികൾ രാജിവച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ ആൻ്റണി രാജിവച്ചത്. കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും ഡോക്യുമെൻ്ററി വിവാദത്തിൽ അനിലിനെ തള്ളിപ്പറയുകയും വിമര്‍ശിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആൻ്റണിയുടെ മകനായ അനിൽ ആൻ്റണി പാര്‍ട്ടി പദവികൾ ഒഴിയുന്നതായി അറിയിച്ചത്. സമൂഹമാധ്യമങ്ങളിലും അനിലിനെതിരെ വിമര്‍ശനം രൂക്ഷമായിരുന്നു. 


അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ ഒരു ട്വീറ്റിൻ്റെ പേരിൽ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും അനിൽ രാജിക്കത്ത് പങ്കുവച്ച് കൊണ്ട് ട്വിറ്ററിൽ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും തന്നോട് പ്രതികരിച്ചതെല്ലാം കാപട്യക്കാരാണെന്നും അനിൽ ട്വീറ്റ് ചെയ്തു. യോഗ്യതയുള്ളവരേക്കാൾ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയിൽ സ്ഥാനമെന്നും അനിൽ വിമര്‍ശിച്ചു.