25 April 2024 Thursday

ഭാരം 2 ടൺ, വില 30 ലക്ഷം ഗുരുവായൂരപ്പന് പാൽപായസം തയ്യാറാക്കാൻ ഭീമൻ വാർപ്പ് എത്തി

ckmnews

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യപാൽപായസം തയ്യാറാക്കാനുള്ള ഭീമൻ വാർപ്പെത്തി. 1500 ലിറ്റർ പാൽപായസം തയ്യാറാക്കാൻ കഴിയുന്ന കൂറ്റൻ നാലു കാതൻ ഓട്ടു ചരക്ക് (വാർപ്പ്) ഇന്നു രാവിലെയാണ് ക്ഷേത്രത്തിൽ എത്തിച്ചത്. 


മാന്നാർ അനന്തൻ ആചാരിയുടെ മകൻ അനു അനന്തൻ ആചാരിയാണ് വാർപ്പ് നിർമ്മിച്ചത്. രണ്ടേകാൽ ടൺ ഭാരമുള്ള വർപ്പ് ക്രയിൻ ഉപയോഗിച്ചാണ് ക്ഷേത്രത്തിനുളളിലേക്ക് എത്തിച്ചത്. നാലു മാസം സമയമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. നാൽപതോളം തൊഴിലാളികളും നിർമ്മാണത്തിൽ പങ്കാളിയായി. മുപ്പത് ലക്ഷമാണ് വാർപ്പിന്റെ നിർമാണ ചെലവ്.


ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ, ക്ഷേത്രം തന്ത്രിയും ഭരണ സമിതി അംഗവുമായ ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ: മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവരുടെ സാന്നിധ്യത്തിൽ പ്രവാസിയായ ചേറ്റുവ സ്വദേശി പ്രശാന്താണ് ഗുരുവായൂരപ്പന് വഴിപാടായി വാർപ്പ് സമർപ്പിച്ചത്. ഈ മാസം 25 ന് ആദ്യത്തെ നിവേദ്യ പായസ്സം പ്രശാന്തിന്റെ വഴിപാടായി തയ്യാറാക്കും. ഗുരുവായൂരപ്പന് നേദിച്ച ശേഷം പായസം പ്രസാദ ഊട്ടിൽ ഭക്തർക്ക് വിളമ്പും.