27 March 2023 Monday

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി സമരം ഒത്തുതീർന്നു; പരാതികൾ പരിഹരിക്കാൻ പ്രത്യേക സമിതി

ckmnews

കോട്ടയം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരം ഒത്തുതീർന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിക്കാൻ വിദ്യാർഥികള്‍ തീരുമാനിച്ചത്. നിലവിൽ ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ നികത്തുമെന്നും വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പരാതികൾ പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു‌.

‌‌‌

മന്ത്രിയുടെ തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നതായി വിദ്യാർത്ഥികൾ പറഞ്ഞു. ഒപ്പം നിന്നവർക്ക് വിദ്യാർഥികൾ നന്ദി പറഞ്ഞു. വിദ്യാർത്ഥികളുമായുള്ള ചർച്ചയിൽ ഉന്നതതല കമ്മിഷൻ റിപ്പോർട്ട്‌ നിർദേശം ധാരണയായതായി മന്ത്രി ആർ ബിന്ദു അറിയിച്ചു.


പുതിയ ഡയറക്ടറെ നിയമിക്കുന്ന സെർച്ച് കമ്മിറ്റി രൂപീകരിച്ചിരുണ്ട്. നിലവിൽ ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ നികത്തും. അടുത്ത അധ്യയന വർഷം മുതൽ പ്രോസ്പെക്ടസിൽ സംവരണ സീറ്റുകളുടെ വിവരം ഉൾപ്പെടുത്തും. ഡയറക്ടറുടെ വീട്ടിൽ ജീവനക്കാരെ ജോലിക്ക് നിയോഗിക്കില്ലെന്ന് ഉറപ്പാക്കും. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പരാതികൾ പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. പ്രധാന അധികാര സമിതികളിൽ വിദ്യാർത്ഥി പ്രതിനിധി ഉണ്ടാക്കും എന്നിവയാണ് തീരുമാനങ്ങൾ.

കൂടാതെ, വിദ്യാർത്ഥികൾ നൽകിയ കേസുകൾ രമ്യമായി പരിഹരിക്കുമെന്നും വിദ്യാർത്ഥി വിരുദ്ധ നയങ്ങൾ ബൈ ലോ, ബോണ്ടിൽ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു. ഡയറക്ടറുടെ വസതിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്ന രീതി തീർത്തും ശരിയല്ല. അത്തരം പ്രവണതകൾ ആവർത്തിക്കില്ല എന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾക്കിടയിൽ സ്വാഭാവികമായുണ്ടാകുന്ന ഭരണപരവും അക്കാദമികവുമായ ആശങ്കകളും പരാതികളും യഥാസമയം പരിഹരിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം എന്ന നിലയിൽ വിദ്യാർത്ഥി ക്ഷേമസമിതി രൂപീകരിക്കും. ഈ സമിതിയുടെ ചെയർമാൻ സ്വീകാര്യതയുള്ള ഒരു സീനിയർ ഫാക്കൽറ്റി അംഗമായിരിക്കും. പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗത്തിലും മറ്റ് അരികുവത്‌കൃത വിഭാഗങ്ങളിലും പെട്ട വിദ്യാർഥികളുടെയും ജീവനക്കാരുടെയും പരാതികൾ യഥാസമയം പരിശോധിച്ച് പരിഹരിക്കാനും ഇ-ഗ്രാന്റ് ലഭ്യമാക്കുന്നതിലെ തടസ്സം നീക്കാനും, സോഷ്യൽ ജസ്റ്റിസ് കമ്മിറ്റി രൂപീകരിക്കും.


അക്കാദമിക് പരാതികൾ പഠിക്കാൻ വിദഗ്ധസമിതി രൂപീകരിക്കും. കോഴ്സിന്റെ ദൈർഘ്യം ചുരുക്കിയതുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാൻ അക്കാദമിക് വിഷയങ്ങളിൽ വിദഗ്ധരായവരുടെ സമിതി രൂപീകരിക്കും. കോഴ്സ് ഫീസ് സംബന്ധിച്ച വിഷയവും, വർക് ഷോപ്പുകൾ, പ്രൊജക്ട് ഫിലിം ചിത്രീകരണം തുടങ്ങിയവയിൽ ഏർപ്പെടുത്തിയ നിയന്ത്രണം സംബന്ധിച്ചു വിദ്യാർത്ഥികൾക്കുള്ള പരാതികളും കമ്മിറ്റി പരിശോധിക്കും.


ഡിപ്ലോമകൾ സമയബന്ധിതമായി നൽകാൻ നടപടി സ്വീകരിക്കും. ഇതിനകം പഠനം പൂർത്തിയാക്കിയവർക്കെല്ലാം മാർച്ച് 31 ന് മുമ്പ് ഡിപ്ലോമകൾ നൽകും.

പ്രധാന അധികാരസമിതികളിൽ വിദ്യാർത്ഥിപ്രാതിനിധ്യം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.