28 March 2024 Thursday

സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി

ckmnews



എടപ്പാൾ :ബ്ലഡ് ഡോണേഴ്സ് കേരള [BDK] പൊന്നാനി താലൂക്ക് കമ്മറ്റിയും ഫോറം സെന്റർ എടപ്പാളും സംയുക്തമായി തൃശൂർ അമല മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ  എടപ്പാൾ ഫോറം സെന്ററിൽ വെച്ച്  സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.അകാലത്തിൽ വിട പറഞ്ഞ ബ്ലഡ് ഡോണേഴ്സ് കേരള കോർഡിനേറ്റർ അബ്ദുൽ മനാഫ് പൊന്നാനിയുടെ ഓർമ്മകൾക്ക് മുന്നിൽ നടത്തിയ സന്നദ്ധ രക്‌തദാന ക്യാമ്പിൽ 80 ഇൽ അധികം പേർ രജിസ്റ്റർ ചെയ്യുകയും 66 പേർ സന്നദ്ധ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു. താലൂക്കിലെ ഏറ്റവും അടുത്ത ആശുപത്രി നഗരിയായ തൃശൂരിലെ രക്ത ദൗർലഭ്യം ഒരു പരിധി വരെ പരിഹരിക്കുന്നതിന്  അമല ബ്ലഡ് സെൻ്ററിൻ്റെ ശീതീകരിച്ച മൊബൈൽ രക്ത ശേഖരണ വാഹനത്തിൽ വെച്ച് നടത്തിയ ക്യാമ്പിലൂടെ സാധിക്കുന്നുണ്ടെന്ന് ബി ഡി കെ പൊന്നാനി ഭാരവാഹികൾ പറഞ്ഞു.സമൂഹത്തിന് നന്മയാർന്ന സന്ദേശം കൈമാറുന്ന രക്തദാന ക്യാമ്പിൽ 33 പേർ അവരുടെ ആദ്യ രക്തദാനവും കൂടെ 8 വനിതകളും രക്തദാനം നിർവ്വഹിച്ചു. ക്യാമ്പിന് ഫോറം സെന്റർ എടപ്പാൾ ജനറൽ മാനേജർ ലിജോ ഡേവിഡ്, ഫോറം സെന്റർ ജീവനക്കാർ ബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി താലൂക്ക് & എയിഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാരും ചേർന്ന് നേതൃത്വം നൽകി. ഷോപ്പിംഗിനും ഉല്ലസിക്കാനുമായി വരുന്നവർക്ക് മുമ്പിൽ രക്തദാനം മഹാദാനമാണെന്ന്  കാണിച്ചു കൊണ്ട് ക്യാമ്പിന് ആതിദേയത്വം വഹിക്കുകയും മികച്ച സൗകര്യങ്ങൾ ഒരുക്കുകയും ചെയ്ത ഫോറം സെന്റർ എടപ്പാൾ മാനേജ്മെന്റിന് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു.