27 March 2023 Monday

കിടപ്പുരോഗിയെ പരിചരിക്കാനെത്തി, ആഭരണവും മൊബൈലും പണവും കവർന്നു; ഹോം നഴ്‌സ് പിടിയിൽ

ckmnews

ഹരിപ്പാട്: കിടപ്പുരോഗിയെ പരിചരിക്കാനെത്തിയ വീട്ടിൽനിന്ന് ആഭരണവും മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതിയായ ഹോം നഴ്‌സ് പിടയില്‍. മോഷമം നടന്ന് 10 മാസത്തിനുശേഷമാണ് പ്രതി പൊലീസ് പിടിയിലാകുന്നത്. മണ്ണാറശ്ശാല തുലാംപറമ്പ് നോർത്ത് ആയിശ്ശേരിൽ സാവിത്രി രാധാകൃഷ്ണനെയാണ് (48) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ജൂണിൽ താമല്ലാക്കൽ വിനുഭവനത്തിൽ വിനുവിൻറെ വീട്ടിൽനിന്നാണ് മൂന്ന് ജോടി കമ്മൽ, രണ്ട് മോതിരം, ഒരു ലോക്കറ്റ്, മാലയുടെ ഹുക്ക്, മൊബൈൽ ഫോൺ, 3500 രൂപ എന്നിവ കളവുപോയത്. 


2022 മാർച്ച് മുതൽ സെപ്റ്റംബർ വരെ ഏഴുമാസം വിനുവിന്‍റെ വീട്ടിൽ സാവിത്രി ജോലിക്ക് നിന്നിരുന്നു. മോഷണശേഷവും മൂന്നു മാസത്തോളം ജോലിയിൽ തുടർന്നു. വിനുവിന്‍റെ രോഗിയായ അമ്മയെ കാണാൻ പലരും വന്നിരുന്നതിനാൽ മോഷ്ടാവ് ആരെന്ന് സംശയിക്കാൻ കഴിയാത്തതിനാൽ പൊലീസിൽ പരാതി നൽകിയില്ല. കഴിഞ്ഞ ജനുവരി 11ന് താമല്ലാക്കലിലെ മറ്റൊരു വീട്ടിൽനിന്ന് 35,000 രൂപയും സ്വർണവും നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി കിട്ടി. വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയെ സംശയിക്കുന്നതായി വീട്ടുകാർ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സാവിത്രിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി.