28 March 2024 Thursday

ഇ-വാഹനങ്ങള്‍ വര്‍ഷത്തിനിടെ 455 ശതമാനം വര്‍ധിച്ചു -മുഖ്യമന്ത്രി

ckmnews

പൊതുഗതാഗത സംവിധാനം ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഫലമായി സംസ്ഥാനത്തെ ഇ-വാഹനങ്ങളുടെ എണ്ണം ഒരു വര്‍ഷത്തിനിടെ 455 ശതമാനം വര്‍ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.ഇ-മൊബിലിറ്റി, പാരമ്ബര്യേതര ഊര്‍ജ മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച അന്തര്‍ദേശീയ സമ്മേളനവും പ്രദര്‍ശനവും 'ഇവോള്‍വി'ന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 


കാലാവസ്ഥവ്യതിയാനവും ആഗോളതാപനവും യാഥാര്‍ഥ്യമാണെന്നിരിക്കെ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് വാഹനങ്ങള്‍ പാരമ്ബര്യേതര ഊര്‍ജത്തിലേക്ക് മാറേണ്ടതുണ്ട്. ഇതിനായി വിവിധ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. 1.64 കോടി വാഹനപ്പെരുപ്പമുള്ള സംസ്ഥാനത്ത് 1.48 ശതമാനം വാഹനങ്ങള്‍ മാത്രമാണ് പാരമ്ബര്യേതര ഊര്‍ജം ഉപയോഗിച്ച്‌ ഓടുന്നത്. 2018 ല്‍ തന്നെ ഇ-വാഹന നയം പ്രഖ്യാപിച്ച്‌ ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങിയ സംസ്ഥാനമാണ് കേരളം.സംസ്ഥാനത്താകെ വൈദ്യുതി പോസ്റ്റുകളില്‍ ചാര്‍ജിങ് സംവിധാനം ഒരുക്കാനുള്ള പ്രയത്നത്തിലാണ് കെ.എസ്.ഇ.ബി. 1500 ഓളം ചാര്‍ജിങ് സ്റ്റേഷനുകള്‍ സംസ്ഥാനത്തുടനീളം യാഥാര്‍ഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.