20 April 2024 Saturday

ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വെല്ലുവിളിച്ച് ഹോട്ടലുകൾ; അടപ്പിച്ച ഹോട്ടൽ അനുമതിയില്ലാതെ തുറന്നു, വീണ്ടും പൂട്ടിച്ചു

ckmnews

തൃശ്ശൂർ : ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വെല്ലുവിളിച്ച് ഹോട്ടലുകൾ. ഭക്ഷ്യവിഷബാധയെ തുടർന്ന് അടപ്പിച്ച തൃശൂരിലെ ബുഹാരീസ് ഹോട്ടൽ അനുമതിയില്ലാതെ തുറന്നു. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർക്ക് ഭീഷണി. തൃശ്ശൂർ എംജി റോഡിലെ ബുഹാരീസ് ഹോട്ടൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ബുധനാഴ്ച അടപ്പിച്ചതാണ്. ബിരിയാണി കഴിച്ച പെൺകുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് പൂട്ടിച്ച ഹോട്ടൽ, ന്യൂനതകൾ പരിഹരിച്ച്, ജില്ലാ അസിസ്റ്റന്‍റ് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ വീണ്ടും തുറക്കാവൂ എന്ന് നിർദേശവും നൽകി. 

എന്നാൽ ഇന്നലെ ഈ ഹോട്ടൽ തുറക്കുകയും അടുക്കളയിൽ ഭക്ഷണമുണ്ടാക്കുകയും ചെയ്തു. ഇതറിഞ്ഞ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തിയപ്പോൾ ഉണ്ടായത് നാടകീയ രംഗങ്ങളാണ്. പൊലീസ് അകന്പടിയിലെത്തിയിട്ടും ഉദ്യോഗസ്ഥയെ ഫോണിൽ ഭീഷണിപ്പെടുത്തി. ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞു.

സർക്കാ‍ർ ഉദ്യ​ഗസ്ഥയെ തന്റെ ജോലി ചെയ്യുന്നതിൽ തടഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും പൊലീസ് കേസെടുക്കേണ്ടതാണ്. എന്നാൽ ഉദ്യോ​ഗസ്ഥ പരാതി നൽകാത്തതുകൊണ്ടാണെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഭീഷണിയിലും പതറാതെ ഉദ്യോ​ഗസ്ഥ ഹോട്ടൽ വീണ്ടും അടപ്പിക്കുകയായിരുന്നു. നിരവധി പരാതികൾ ലഭിച്ചതോടെയാണ് നടപടിയെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോ​ഗസ്ഥ രേഖാ മോഹൻ പറഞ്ഞു.