20 April 2024 Saturday

റിയാദിൽ ഗോൾമഴ, റിയാദ് സീസൺ ടീമിനെതിരെ പിഎസ്ജിക്ക് വിജയം

ckmnews

റിയാദ്: മൂന്ന് വർഷത്തിന് ശേഷം ലിയോണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ വന്നപ്പോൾ കണ്ടത് ഗോൾമഴ. ഇരു സൂപ്പര്‍ താരങ്ങളും നേർക്കുനേർ വന്ന സൗഹൃദ മത്സരത്തിൽ പി എസ് ജി നാലിനെതിരെ അഞ്ച് ഗോളിന് സൗദി ഓൾസ്റ്റാറിനെ തോൽപ്പിച്ചു. റൊണാൾഡോ ഇരട്ടഗോൾ നേടിയ മത്സരത്തിൽ മെസിയും എംബാപ്പെയും ഗോൾ നേടി.


നിറഞ്ഞു കവിഞ്ഞ റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിലെ കാണികൾക്ക് വിരുന്നായി ആദ്യ ഗോൾ നേടിയത് മെസി. മൂന്നാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. 34-ാം മിനിറ്റില്‍ കൈലർ നവാസിന്‍റെ ഫൗളിന് കിട്ടിയ പെനാൽറ്റി വലയിലാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി മണ്ണിലെ ആദ്യ ഗോൾ കുറിച്ചു. 39-ാം മിനിറ്റില്‍ യുവാൻ ബെർനറ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയെങ്കിലും 43ാം മിനിറ്റില്‍ മാർകീഞ്ഞോസിലൂടെ പിഎസ്‌ജി വീണ്ടും മുന്നിലെത്തി.


ഒന്നാം പകുതി തീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ടീമിനെ ഒപ്പമെത്തിച്ച് റൊണാൾഡോ വീണ്ടും സൗദി ഓള്‍ സ്റ്റാറിനായി സ്കോര്‍ ചെയ്തു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 53-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസിലൂടെ പിഎസ്‌ജി വീണ്ടും മുന്നിലെത്തി. പിന്നാലെ 56-ാം മിനിറ്റില്‍ ജാങ് ഹ്യൂൻ സൂവിന്‍റെ ഗോളിലൂടെ സൗദി ഒപ്പമെത്തിയെങ്കിലും പിന്നാലെ പിഎസ്‌ജി ഗോളടിക്കാൻ അവസരം നൽകിയത് എംബാപ്പെയ്ക്ക്. പ്രതിരോധനിര താരത്തിന്‍റെ കൈയില്‍ പന്ത് തട്ടിയതിന് ലഭിച്ച പെനല്‍റ്റി ഗോളാത്തി എംബാപ്പെയും ഗോള്‍ പട്ടികയില്‍ ഇടം നേടി.


61-ാം മിനുറ്റിൽ റോണോയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതോടെ പിഎസ്‌ജിയും സൂപ്പർ താരങ്ങളെ കളത്തിൽ നിന്ന് പിൻവലിച്ചു.പിന്നാലെ 78-ാം മിനുറ്റിൽ പിഎസ്‌ജിക്കായി എകിറ്റിക്കെയുടെ ഉജ്വലഗോൾ. ഇഞ്ചുറി ടൈമിൽ ടാലിസ്ക സൗദി ഓള്‍ സ്റ്റാറിന്‍റെ ഗോൾപട്ടിക പൂർത്തിയാക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പെനല്‍റ്റി ബോക്സില്‍ ഫൗള്‍ ചെയ്യപ്പെട്ട നെയ്മര്‍ പെനല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. പിന്നീട് വാര്‍ പരിശോധനയിലൂടെ പെനല്‍റ്റി അനുവദിച്ചെങ്കിലും കിക്കെടുത്ത നെയ്മര്‍ക്ക് പിഴച്ചു. നെയ്മറുടെ കിക്ക് സൗദി ഓള്‍ സ്റ്റാര്‍ ടീം ഗോള്‍ കീപ്പര്‍ അല്‍ ഒവൈസ് രക്ഷപ്പെടുത്തി. സൗദിയിലെ ആരാധകരും താരങ്ങളുടെ മനംകവർന്നു. പ്രത്യേക അതിഥിയായി ബോളിവുഡ് താരം അമിതാഭ് ബച്ചനും റിയാദിൽ എത്തിയിരുന്നു.