29 March 2024 Friday

പോലീസ് സ്റ്റേഷനുകളില്‍ വാഹനക്കൂമ്പാരം ഒഴിവാക്കണം ഒന്നുകില്‍ തിരികെ നല്‍കുക, അല്ലെങ്കില്‍ ലേലത്തിൽ വിടണം:ഡി.ജി.പി.

ckmnews

സംസ്ഥാനത്ത് വിവിധ കേസിൽപ്പെട്ട വാഹനങ്ങൾ പോലീസ് സ്റ്റേഷനുകൾക്കു മുന്നിൽ കൂട്ടിയിടുന്നത് അവസാനിപ്പിക്കാൻ നടപടി. ഹൈക്കോടതി അതൃപ്തിയറിയിച്ചിട്ടും കാര്യമായ മാറ്റമുണ്ടാകാത്തതിലാണ് പോലീസ് മേധാവിയുടെ പുതിയ നിർദേശം.പോലീസ് സ്റ്റേഷനുകൾക്കു മുന്നിൽ വാഹനക്കൂമ്പാരം വേണ്ടെന്നും പിടിച്ചെടുത്ത വാഹനങ്ങൾ പരിശോധന കഴിഞ്ഞ് എത്രയും പെട്ടെന്ന് ഉടമകൾക്കു വിട്ടുനൽകാനും അല്ലാത്തവ ലേലം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്കെത്തിക്കാനുമാണ് നിർദേശം. ഇതിൽ നടപടിയെടുക്കാൻ ജില്ലാ പോലീസ് കേന്ദ്രങ്ങളിലെ എ.എസ്.പി.മാർക്കും ഡി.സി.പി.മാർക്കും ചുമതല നൽകി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പോലീസ് സ്റ്റേഷനുകൾ കൂടുതൽ വൃത്തിയായിരിക്കണമെന്നു കാണിച്ചാണ് ഡി.ജി.പി.യുടെ ഉത്തരവ്. വാഹനങ്ങൾ പിടിച്ചെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധവേണമെന്നും സർക്കുലറിൽ പറയുന്നു. കേസിൽ പ്രധാനമല്ലാത്ത സാഹചര്യത്തിൽപ്പോലും വാഹനങ്ങൾ പിടിച്ചെടുക്കുന്ന രീതി ചില പോലീസ് ഉദ്യോഗസ്ഥർ തുടരുന്നുണ്ട്. രേഖകളിലില്ലാതെയും വാഹനങ്ങൾ പോലീസ് സ്റ്റേഷനുകൾക്കു മുന്നിൽ കൂട്ടിയിട്ടിരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതെല്ലാം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കാൻ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർ നടപടിയെടുക്കണം. ഒരു മാസത്തിനകം ആരും എത്തിയില്ലെങ്കിൽ ലേലം ഉൾപ്പെടെയുള്ള മറ്റു നടപടികളിലേക്ക് കടക്കണം.