23 April 2024 Tuesday

പെരിന്തല്‍മണ്ണ വോട്ട്പെട്ടി വിവാദം: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ,രണ്ട് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ckmnews

മലപ്പുറം:പെരിന്തൽമണ്ണ മണ്ഡലത്തിലെ സ്പെഷ്യൽ തപാൽ വോട്ടുകൾ സൂക്ഷിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ ട്രഷറി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ സതീഷ് കുമാർ, സീനിയർ അക്കൌണ്ടന്റ് രാജീവ്‌ എന്നിവരെയാണ് സംസ്ഥാന ട്രഷറി ഡയറക്ടർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.മലപ്പുറത്തെ സഹകരണ ജോയിന്‍റ് രജിസ്റ്റർ ഓഫീസിലേക്ക് തെറ്റായി പെട്ടി നൽകിയതിൽ ഇവർക്ക് വീഴ്ച പറ്റിയെന്ന് ട്രെഷറി മധ്യ മേഖല ഡെപ്യൂട്ടി ഡയരക്ടർ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. ഇവർക്ക് പുറമെ സഹകരണ ജോയിന്‍റ് രജിസ്റ്റർ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കലക്ടർ കാരണം കാണിക്കൽ നോട്ടിസും നൽകിയിട്ടുണ്ട് . വീഴ്ചകളെ കുറിച്ച് വിശദമായി അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകുമെന്ന് കലക്ടർ അറിയിച്ചു.


പെരിന്തൽമണ്ണയിലെ തപാൽ വോട്ടുകൾ സൂക്ഷിച്ച വോട്ട് പെട്ടി കാണാതായ സംഭവം അതീവ ഗുരുതരമെന്ന് ഹൈക്കോടതി. കോടതിയിൽ ഹാജരാക്കിയ തപാൽ വോട്ട് പെട്ടികൾ ഹൈക്കോടതിയുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് കക്ഷി ചേരാനുള്ള അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. നജീബ് കാന്തപുരത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി കെപിഎം മുസ്തഫ നൽകിയ ഹർജിയിലാണ് തപാൽ വോട്ട് പെട്ടി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. 348 തപാൽ വോട്ട് എണ്ണാതിരുന്ന നടപടിയാണ് തന്‍റെ തോൽവിയ്ക്ക് കാരണമെന്നാണ് ഹർ‍ജിക്കാരൻ ആരോപിക്കുന്നത്. 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം പെരിന്തൽ മണ്ണയിൽ വിജയിച്ചത്.