24 April 2024 Wednesday

കരിങ്കാളികള്‍ ഇരമ്പിയെത്തുന്ന കണ്ണേങ്കാവ്‌ ഉല്‍സവം വെള്ളിയാഴ്ച നടക്കും

ckmnews

കരിങ്കാളികള്‍ ഇരമ്പിയെത്തുന്ന കണ്ണേങ്കാവ്‌ ഉല്‍സവം വെള്ളിയാഴ്ച നടക്കും


ചങ്ങരംകുളം:കരിങ്കാളികള്‍ ഇരമ്പിയെത്തുന്ന മൂക്കുതല കണ്ണേങ്കാവ് ഉല്‍സവം വെള്ളിയാഴ്ച നടക്കും രണ്ടായിരത്തോളം കരിങ്കാളികളാണ് കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ വഴിവാടായി എത്തുക.ആര്‍ത്തിരമ്പിയെത്തുന്ന കരിങ്കാളിക്കൂട്ടങ്ങള്‍ക്ക് പിന്നാലെ ഒഴുകിയെത്തുന്ന പുരുഷാരവങ്ങള്‍ കൂടിയാവുമ്പോള്‍ കണ്ണേങ്കാവ് ക്ഷേത്രവും പരിസരവും ജനസാഗരങ്ങള്‍ കൊണ്ട് നിറയും, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കരിങ്കാളികള്‍ എത്തുന്ന പൂരം എന്നത് കൊണ്ട് തന്നെ കണ്ണേങ്കാവ് പൂരം കരിങ്കാളിപ്പൂരം എന്ന പേരിലാണ് അറിയപ്പെടുന്നത്. സംഹാര ദേവന്റെ മൂന്നാം തൃക്കണ്ണില്‍ നിന്നും ഉല്‍ഭവിച്ചതെന്ന് കരുതുന്ന കരിങ്കാളികള്‍ ഭയാനകമായ വേഷപകര്‍ച്ച കൊണ്ടും,നടുക്കുന്ന അട്ടഹാസം കൊണ്ടും രൗദ്രഭാവം പൂണ്ട് ക്ഷേത്രാങ്കണത്തിലേക്ക് പാഞ്ഞടുക്കുമ്പോള്‍ ഭക്ത ജനങ്ങള്‍ കൈകള്‍ കൂപ്പി ദൈവ പ്രീതിക്കായി പ്രാര്‍ത്ഥനയില്‍ മുഴുകും.ദേവീ പ്രീതിക്കും,ദോശങ്ങള്‍ മാറുന്നതിനും,കന്ന്കാലികളുടെ രക്ഷക്കുമായാണ് പ്രധാനമായും കണ്ണേങ്കാവ് ഭഗവതിക്ക് കരിങ്കാളികളെ നേര്‍ച്ച ചെയ്യുന്നത്. ഓരോ കരിങ്കാളികളുടെ കയ്യിലും ഉണ്ടാവുന്ന നാടന്‍ പൂവന്‍ കോഴികളെ കരിങ്കാളികള്‍ ദേവിക്ക് മുന്നില്‍ കടിച്ച് കീറി ബലി അര്‍പ്പിക്കും. പിന്നീട് ചോരകുടിച്ച് ദാഹം തീര്‍ക്കുന്ന കരിങ്കാളികള്‍ക്ക് ചുറ്റും ആളുകള്‍ നിറയും.മലപ്പുറം,പാലക്കാട് ,തൃശ്ശൂര്‍ ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹനങ്ങളിലായി എത്തുന്ന നൂറ് കണക്കിന് കരിങ്കാളികള്‍ കിലോമീറ്ററുകള്‍ അകലെ വാഹനം നിര്‍ത്തി നടന്നാണ് ക്ഷേത്രത്തിലേക്ക് എത്തുക. പ്രദേശത്തെ മിക്ക വീടുകളില്‍ നിന്നും വിശ്വാസത്തിന്റെ ഭാഗമായി കണ്ണേങ്കാവിലേക്ക് കരിങ്കാളിയെ വഴിവാടായി എത്തിക്കുന്നത് പതിവാണ്. ഇത് കൊണ്ട് തന്നെ കണ്ണേങ്കാവ് പൂരത്തിന് കരിങ്കാളികള്‍ കെട്ടാനുളള ആളുകളുടെ ക്ഷാമം രൂക്ഷമാവുകയും ചെയ്യാറുണ്ട്. ദൂര സ്ഥലങ്ങളില്‍ നിന്ന് വലിയ തുക പറഞ് കരാര്‍ ഉറപ്പിച്ചാണ് കരിന്കാളികളാവാന്‍ ആളുകളെയെത്തിക്കുന്നതും ക്ഷേത്രത്തിലേക്കുളള വഴിവാട് പൂര്‍ത്തിയാക്കുന്നതും.ഉച്ചക്ക് ഒരു മണിയോടെ തുടങ്ങുന്ന കരിങ്കാളി വരവുകള്‍ നാല് മണിയോടെ ക്ഷേത്രത്തിലേക്ക് പ്രവേശിച്ച് തുടങ്ങും ഇരുട്ടി തുടങ്ങുന്നതോടെ കരിങ്കാളികള്‍ കൂട്ടത്തോടെ മടങ്ങിത്തുടങ്ങുമ്പോഴും ഉല്‍സവപ്പറമ്പിലേക്കുളള കരിങ്കാളികളുടെ ഒഴുക്ക് തുടര്‍ന്ന് കൊണ്ടിരിക്കും ഏഴ് മണിക്ക് തുടങ്ങുന്ന വെടിക്കെട്ട് കാണാനെത്തുന്ന ജനസാഗരങ്ങളുടെ ഒഴുക്കും കിലോമീറ്ററുകള്‍ നീളും

ഷാഫി ചങ്ങരംകുളം