ഒറ്റപ്പാലത്ത് ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതിന് വിദ്യാർഥിനിയെ വെട്ടി; യുവാവ് അറസ്റ്റിൽ

ഒറ്റപ്പാലം∙ കയറംപാറയിൽ കോളജ് വിട്ടു നടന്നുപോവുകയായിരുന്ന വിദ്യാർഥിനിക്കു വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ പതിനേഴുവയസ്സുകാരിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധു പാറയ്ക്കൽ മുഹമ്മദ് ഫിറോസിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.യുവതിയുടെ വീട്ടിലേക്കുള്ള റോഡിൽ ഇന്നലെ വൈകിട്ടു നാലേകാലോടെയായിരുന്നു ആക്രമണം.
ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ പതിനേഴുകാരി കയറംപാറയിൽ ബസ് ഇറങ്ങി നടന്നുപോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. തലയിലും ഇടതു കയ്യിലും തോളിലും കഴുത്തിലുമാണ് ആഴത്തിലുള്ള മുറിവുകൾ. ഫിറോസിന്റെ മൊബൈൽ ഫോൺ നമ്പർ യുവതി ബ്ലോക്ക് ചെയ്തത് പ്രകോപനത്തിനു കാരണമായെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. യുവതിയിൽ നിന്നു വിശദമായ മൊഴിയെടുക്കുന്ന മുറയ്ക്കു കാര്യങ്ങളിൽ കൂടുതൽ വ്യക്തത കൈവരും.
ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയാണു യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. യുവാവിനെ സംഭവസ്ഥലത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തു.