29 March 2024 Friday

19 വര്‍ഷത്തെ കാത്തിരിപ്പിന് വിരമമിടാന്‍ ആഴ്‌സണല്‍; ബെറ്റിംഗിലും ടീമിന് വന്‍ കുതിച്ചുചാട്ടം

ckmnews

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വപ്ന തുല്യമായ കുതിപ്പാണ് ആഴ്‌സണലിന്റേത്. വാതുവയ്പ്പുകാര്‍ക്കിടയിലും ഗണ്ണേഴ്‌സിനാണ് ഇപ്പോള്‍ വന്‍ ഡിമാന്‍ഡ്. മൂന്നാം വാരത്തില്‍ കൈപ്പിടിയിലാക്കിയ ഒന്നാം സ്ഥാനം. പതിനെട്ടാം റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴും ആഴ്‌സണല്‍ വിട്ടുകൊടുത്തിട്ടില്ല. 18 കളിയില്‍ 47 പോയിന്റാണ് ഗണ്ണേഴ്‌സിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ എട്ട് പോയിന്റിന്റെ ലീഡ്. 19 വര്‍ഷത്തെ കാത്തിരിപ്പിച്ച് അവസാനിപ്പിച്ച് ഇത്തവണ പ്രീമിയര്‍ ലീഗ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ആഴ്‌സണല്‍.


2003- 2004 സീസണിലെ ഐതിഹാസിക വിജയത്തിന് ശേഷം കപ്പില്‍ മുത്തമിടാനായിട്ടില്ല ഗണ്ണേഴ്‌സിന്. ഈ സീസണിന്റെ തുടക്കത്തിലും നിലവിലെ ചാംപ്യന്മാരായ സിറ്റിക്കും ലിവര്‍പൂളിനുമൊക്കെയായിരുന്നു എല്ലാവരും സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ മൈക്കിള്‍ അര്‍ട്ടേറ്റ എല്ലാവരെയും ഞെട്ടിച്ചു. 18 കളിയില്‍ 15 ജയം. രണ്ട് സമനില. ഒറ്റ തോല്‍വി മാത്രം. ലോകകപ്പ് ഇടവേളയ്ക്ക് ശേഷം ആഴ്‌സണല്‍ അടങ്ങുമെന്ന് കരുതിയവരും ഉണ്ട്. അവര്‍ക്ക് തെറ്റി.

കൂടുതല്‍ കരുത്തരാവുകയാണ് ടീം. ഇതോടെ വാതുവയ്പ്പുകാരും ആഴ്‌സണലിന് ഒപ്പം ചേര്‍ന്നു. ആറില്‍ അഞ്ച് പേരും ആഴ്‌സണല്‍ ജയിക്കുമെന്ന് വാതുവയ്ക്കുന്നവരാണ്. സീസണിന്റെ തുടക്കത്തില്‍ ഇത് നാല്‍പതില്‍ ഒരാളായിരുന്നു. വാതുവയ്പ്പുകാര്‍ക്കിടയില്‍ സിറ്റിക്കാണ് രണ്ടാം സ്ഥാനം. ടെന്‍ ഹാഗിന് കീഴില്‍ അപാര കുതിപ്പ് നടത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്നാമതും.