28 March 2024 Thursday

വിദ്യാർഥികളുടെ സർഗശേഷികൾ പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്ര പദ്ധതി തയ്യാറാക്കും:നന്ദകുമാർ എം.എൽ.എ

ckmnews

വിദ്യാർഥികളുടെ സർഗശേഷികൾ പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്ര പദ്ധതി തയ്യാറാക്കും:നന്ദകുമാർ എം.എൽ.എ


പൊന്നാനി: കലാ, കായിക മേഖലയിൽ ഉൾപ്പെടെ വിദ്യാർഥികളുടെ സർഗശേഷികൾ പ്രോത്സാഹിപ്പിക്കുന്നതിനായി പൊന്നാനി മണ്ഡലത്തിൽ സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ. പറഞ്ഞു.പ്രഥമ മിഹ്‌സ പൊന്നാനി ടാലന്റ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുട്ടികളുടെ ക്ഷേമം ലക്ഷ്യമാക്കി ഇതിനോടകം പൊന്നാനി മണ്ഡലം ബാലസൗഹൃദ പദ്ധതിക്ക് തുടമിട്ടുവെന്നും, കുട്ടികളുടെ അഭിപ്രായവും സ്വീകരിച്ചുകൊണ്ട് ഏറ്റവും ഫലവത്തായ രീതിയിൽ നടപ്പാക്കുകയാണ് ലക്ഷ്യമെന്നും എം.എൽ.എ. പറഞ്ഞു. മിഹ്‌സ ചെയർമാൻ സി.രഘുനാഥൻ അധ്യക്ഷത വഹിച്ചു.പൊന്നാനി എം.ഐ. സ്‌കൂൾ പൂർവ വിദ്യാർഥി കൂട്ടായ്‌മ മിഹ്‌സ ഏർപ്പെടുത്തിയ പ്രഥമ മിഹ്‌സ പൊന്നാനി ടാലൻറ് അവാർഡ് ജേതാക്കളായ മുഹമ്മദ് നിഹാസ്, ഷസ ആസിർ, സൂര്യഗായത്രി, കെ. അംന, ഷിറ ആസിർ, അയ്ഷ സിയ, അമീന, സബീല, അക്ഷര എന്നീ വിദ്യാർഥികൾക്ക് പി.നന്ദകുമാർ എം.എൽ.എ.കൈമാറി.സ്‌കൂൾ പൂർവ വിദ്യാർഥിയും എഴുത്തുകാരനുമായ എം.എ. ഹസീബ് രചിച്ച 'പൊന്നാനി ഒരു 'ഠ' വട്ട ദേശത്തിന്റെ കഥ' എന്ന പുസ്‌തകം എഴുത്തുകാരൻ ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ് ദേശത്തിനു സമർപ്പിച്ചു.വിവിധ മേഖലയിൽ കഴിവുതെളിയിച്ച ഡോ. സുൽഫത്ത്, ഡോ. ജദീർഅലി, ഡോ. ഇർഷാദ്, ഡോ.സൻഫി,ഡോ.ഇർഫാന അധ്യാപകൻ ഹബീബ്, ചരിത്രകാരൻ ടി.വി.അബ്‌ദുറഹിമാൻകുട്ടി, മാധ്യമ പ്രവർത്തകൻ ഫാറൂഖ് വെളിയങ്കോട്, മിഹ്‌സ കൺവീനർ നിസാർ കെ.പൊന്നാനി,അയ്യൂബ്ഖാൻ, നിജാഹ് ബിൻ ജമാൽ, അജ്‌മൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.അജിത് കൊളാടി മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ പ്രഥമാധ്യാപകൻ പി.പി.ശംസുദ്ദീൻ,അബ്ദുസമദ്, താഹിർ ഇസ്‌മായിൽ, സുരേഷ്, വി. അബൂബക്കർ എന്നിവർ പ്രസംഗിച്ചു.