24 April 2024 Wednesday

നേപ്പാൾ വിമാന ദുരന്തം: 68 മൃതദേഹങ്ങൾ കണ്ടെത്തി, വിമാനത്തിൽ 5 ഇന്ത്യക്കാരും

ckmnews

നേപ്പാൾ വിമാന ദുരന്തം: 68 മൃതദേഹങ്ങൾ കണ്ടെത്തി, വിമാനത്തിൽ 5 ഇന്ത്യക്കാരും


കാഠ്മണ്ഡു ∙ നേപ്പാളില്‍ യാത്രാ വിമാനം ലാൻഡിങ്ങിനു തൊട്ടുമുൻപ് തകര്‍ന്നു വീണ് വൻ അപകടം. രാവിലെ 10.33ന് 68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി എയർലൈൻസിന്റെ 9എൻ എഎൻസി എടിആർ 72 വിമാനമാണ് പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് തകർന്നു വീണത്.


പ്രാദേശിക സമയം രാവിലെ 11.10നാണ് തകർന്നു വീണത്. ഇതുവരെ 68 മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി വിദേശികളുണ്ടായിരുന്നെന്നാണ് പ്രാഥമിക വിവരം. റഷ്യ–4, അയർലൻഡ്–1, ദക്ഷിണ കൊറിയ– 2, ഒാസ്ട്രേലിയ–1, ഫ്രാൻസ്–1, അർജന്റീന–1 എന്നിങ്ങനെയാണ് വിമാനത്തിലുണ്ടായിരുന്ന വിദേശികൾ എന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. വിമാന ജീവനക്കാരിൽ രണ്ടു പേർ പൈലറ്റുമാരും രണ്ടു പേർ എയർഹോസ്റ്റസുമാരുമാണെന്നും വിമാനക്കമ്പനിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.