29 March 2024 Friday

കണക്കുവീട്ടാന്‍ യുണൈറ്റഡ്; പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ ഡെർബി

ckmnews

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആരാധകര്‍ കാത്തിരിക്കുന്ന മാഞ്ചസ്റ്റർ ഡാർബി ഇന്ന്. മാഞ്ചസ്റ്റ‍‍ർ യുണൈറ്റഡ് സ്വന്തം തട്ടകത്തില്‍ വൈകിട്ട് ആറിന് ബന്ധവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. 

ഒക്ടോബറിൽ ഇത്തിഹാദിൽ ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി മൂന്നിനെതിരെ ആറ് ഗോളിനാണ് മാഞ്ചസ്റ്റ‍‍ർ യുണൈറ്റഡിനെ വീഴ്ത്തിയത്. പുതുവർഷത്തിൽ ഓൾഡ് ട്രാഫോർഡിൽ മുഖാമുഖം വരുമ്പോൾ പകരംവീട്ടുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ലക്ഷ്യം. മൂന്ന് മാസം മുൻപുള്ള യുണൈറ്റഡല്ല ഇപ്പോൾ. ക്രിസ്റ്റ്യാനോ റൊണാൾഡോ പിണങ്ങിപ്പോയെങ്കിലും എറിക് ടെൻ ഹാഗിന് കീഴിൽ കെട്ടുറപ്പുള്ള സംഘമായിക്കഴിഞ്ഞു യുണൈറ്റഡ്. പ്രീമിയർ ലീഗിലടക്കം അവസാന ആറ് കളിയിലും ജയം സ്വന്തമായി.

ഇംഗ്ലണ്ടിലെ എല്ലാ ടൂർണമെന്‍റുകളിലും തുടരുന്ന ഏക ടീമായ യുണൈറ്റഡ് പ്രീമിയർ ലീഗിൽ 17 കളിയിൽ 35 പോയിന്‍റുമായി നാലാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യൻമാരായ സിറ്റി 39 പോയിന്‍റുമായി രണ്ടാം സ്ഥാനത്തും. പെപ് ഗാർഡിയോളയുടെയും എറിക് ടെൻ ഹാഗിന്‍റേയും തന്ത്രങ്ങൾ നടപ്പാക്കാൻ കളത്തിലിറങ്ങുന്നത് സൂപ്പർ താരങ്ങൾ. റിയാദ് മെഹറസ്, ജാക് ഗ്രീലിഷ്, എ‍‍ർ‍ലിംഗ് ഹാലൻഡ്, ജൂലിയൻ അൽവാരസ്, ഫിൽ ഫോഡൻ എന്നിവരുമായി സിറ്റി ഗോളടിക്കാനെത്തുമ്പോൾ തടുത്തുനിർത്താൻ യുണൈറ്റഡ് പ്രതിരോധനിരയ്ക്ക് മികവ് മുഴുവൻ പുറത്തെടുക്കേണ്ടിവരും.

മാർക്കസ് റാഷ്ഫോർഡ്, ആന്‍റണി, ബ്രൂണോ ഫെർണാണ്ടസ്, ക്രിസ്റ്റ്യൻ എറിക്‌സൺ എന്നിവരിലൂടെയാവും യുണൈറ്റഡിന്‍റെ മറുപടി. റാഷ്ഫോർഡിന്‍റെ മിന്നും ഫോമാവും സിറ്റിക്ക് വെല്ലുവിളിയാവുക. സമീപകാലത്തെ കണക്കുകളെല്ലാം സിറ്റിക്ക് അനുകൂലമാണ്. പ്രീമിയർ ലീഗിൽ അവസാനം ഏറ്റുമുട്ടിയ മൂന്ന് കളിയിൽ യുണൈറ്റഡ് വഴങ്ങിയത് 12 ഗോൾ. ഇതിനെല്ലാം ഓൾഡ് ട്രാഫോർഡിൽ മറുപടി നൽകാമെന്ന പ്രതീക്ഷയിലാണ് എറിക് ടെൻ ഹാഗും സംഘവും ഒരുങ്ങുന്നത്. 


മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻനിരയിലേക്ക് ഒരു താരം കൂടിയെത്തി. ബേൺലിയുടെ നെതർലൻഡ്‌സ് സ്ട്രൈക്കർ വൗട്ട് വെഹോസ്റ്റാണ് യുണൈറ്റഡ് കരാറിലെത്തിയത്. ലോൺ അടിസ്ഥാനത്തിലാണ് നിലവിൽ തുർക്കി ക്ലബായ ബെസിക്റ്റാസിൽ കളിക്കുന്ന വെഹോസ്റ്റിനെ ടീമിലെത്തിച്ചത്. എന്നാൽ ഇന്നത്തെ മാഞ്ചസ്റ്റർ ഡാർബിയിൽ വെഹോസ്റ്റ് കളിക്കില്ലെന്ന് എറിക് ടെൻ ഹാഗ് പറഞ്ഞു. ആന്‍റണി മാർഷ്യലും ഇന്ന് കളിക്കുന്ന കാര്യം സംശയത്തിലാണ്. ഡോണി വാൻഡി ബീക്കിന് സീസൺ നഷ്ടമാകുമെന്നും ടെൻ ഹാഗ് വ്യക്തമാക്കി.