29 March 2024 Friday

ശുകപുരം കുളങ്കര താലപ്പൊലി മഹോത്സവം ഞായറാഴ്ച നടക്കും

ckmnews


എടപ്പാൾ:രണ്ടാഴ്ചക്കാലമായി  നടന്ന കൂത്തുത്സവങ്ങൾക്ക് സമാപനമാകുന്നു.നാടാകെ കാത്തിരുന്ന കുളങ്ങര താലപ്പൊലി മഹോത്സവം ഞായറാഴ്ച നടക്കും.കുറ്റിപ്പാല,പുരമുണ്ടോക്കാട് ദേശക്കൂത്തുകളിൽ നടന്ന കേളി, മേളം, തായമ്പക, താലം വരവുകൾ,നൃത്തസന്ധ്യകൾ എന്നിവക്കു ശേഷം ശനിയാഴ്ച മറയങ്ങാട് കൂത്തുത്സവം കൂടി സമാപിക്കുന്നതോടെയാണ് ഉത്സവപരിപാടികൾക്ക് തുടക്കമാകുക.മകരത്തിലെ ആദ്യദിനം തന്നെയായതിനാൽ ഇത്തവണ ഒരാഴ്ചയായി കച്ചവടക്കാരും മറ്റനുബന്ധ പരിപാടികളുമാരംഭിച്ചിരുന്നു.ഞായറാഴ്ച വിശേഷാൽ പൂജകൾക്ക് ശേഷം രാവിലെ ഒൻപതിന് കലാമണ്ഡലത്തിന്റെ ഓട്ടൻതുള്ളൽ,ഒരു മണിക്ക് ഓങ്ങല്ലൂർ ശങ്കരൻകുട്ടി നയാരുടെ നാദസ്വരം, അഞ്ച് ആന,കോങ്ങാട് മോഹനൻ, കോട്ടക്കൽ രവി, പരക്കാട് ബാബു, തിരുവാലത്തിയൂർ ശിവൻ എന്നിവർ നയിക്കുന്ന പഞ്ചവാദ്യം,ശുകപുരം രാമകൃഷ്ണന്റെ മേളം എന്നിവയോടെ പകൽപൂരമാരംഭിക്കും.തുടർന്ന് നാടിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പൂതൻ, തിറ, കരിങ്കാളി, ശിങ്കാരമേളം,കാവടി,തെയ്യം തുടങ്ങിയ ദേശവരവുകൾ, കുളങ്കര ദേവീ വെടിക്കെട്ട് കമ്മിറ്റിയുടെ വെടിക്കെട്ട് എന്നിവ ഭക്തർക്ക് വർണക്കാഴ്ചയാകും.ശുകപുരം ദിലീപ്,ശുകപുരം രഞ്ജിത്,ശുകപുരം രാധാകൃഷ്ണൻ,അത്താളൂർ ശിവൻ എന്നിവരുടെ തായമ്പകകൾ,കോഴിക്കോട് റിയൽ ബീറ്റ് ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ നടക്കും. താലം, ആയിരത്തിരി എഴുന്നള്ളിപ്പ്,ഇടയ്ക്കകൊട്ടി പ്രദക്ഷിണം എന്നിവയോടെ ഉത്സവത്തിന് തിരശീല വീഴും.