19 April 2024 Friday

ദളപതിയുടെ അഴിഞ്ഞാട്ടം, ഒരു കംപ്ലീറ്റ് ഫാമിലി പാക്കേജ് വാരിസ് റിവ്യൂ

ckmnews



വിജയ് നായകനായ വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ പിറന്ന 'വാരിസ്' കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഇറങ്ങിയ പക്കാ എന്റർടൈൻമെന്റ് പാക്കേജ് ആണ്. ആദ്യ ഷോകൾ കഴിയുമ്പോൾ തന്നെ വിജയ് ആരാധകരെല്ലാം തൃപ്തരാണ്. കുടുംബ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ ദക്ഷിണേന്ത്യൻ വാണിജ്യ സിനിമകളും പിന്തുടരുന്ന ഒരു ടെംപ്ലേറ്റ് ഈ സിനിമയിലും ഉണ്ട്. അതിൽ ആക്ഷൻ, മാസ്, വൈകാരിക രംഗങ്ങൾ, ഗാനങ്ങൾ മുതലായവ നിറഞ്ഞു നിൽക്കുന്നു.



സ്ഥിരം ക്ലിഷേ കഥയാണ് ചിത്രം പറയുന്നതെങ്കിലും അത് കാഴ്ചക്കാരെ മടുപ്പിക്കാതെ പറഞ്ഞ് തീർക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഒരുപാട് സ്നേഹം വാരി വിതറാതെ ഒരു താളത്തിലാണ് ചിത്രത്തിന്റെ സഞ്ചാരം. അടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പ്രവചിക്കാൻ കഴിയുമെങ്കിലും സിനിമയുടെ തിരക്കഥ വേറിട്ടതാണ്.



വിജയ് തന്റെ സ്‌ക്രീൻ പ്രെസൻസ് കൊണ്ട് സിനിമയെ പിടിച്ചുനിർത്തുന്നു. എന്നാൽ അദ്ദേഹത്തിന്റെ കഥാപാത്രവും പ്രകടനവും പ്രേക്ഷകർക്ക് യാതൊരു തരത്തിലും പുതുമ നൽകുന്നില്ല, മുൻ ചിത്രങ്ങളിലേത് പോലെ തന്റെ സേഫ് സോണിൽ തന്നെ നിന്നു ചെയ്ത കഥാപാത്രമാണ് 'വാരിസി'ലെ വിജയ്‍യും.



എസ് തമൻ ഈണമിട്ട ഗാനങ്ങളും ബാക്ക്ഗ്രൗണ്ട് സ്‌കോറുകളും ആണ് ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഗാനങ്ങൾ സിനിമയിൽ സ്ഥാപിച്ചത് തിരക്കഥയുമായി ചേരാതെ വന്നെങ്കിലും വൈകാരിക രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും തമന്റെ സ്‌കോർ അതിഗംഭീരം തന്നെയായിരുന്നു. സിനിമയുടെ ആത്മാവ് തമന്റെ കൈകളിൽ ആണെന്ന് പറയാം. 'രഞ്ജിതമേ..' എന്ന പാട്ട് തിയേറ്ററിനെ ഇളക്കിമറിക്കാൻ കെൽപ്പുള്ളതാണ്.

ശരത് കുമാർ, ശ്യാം, പ്രകാശ്‌രാജ്, ശ്രീകാന്ത്, ഗണേഷ് എന്നിവർ തങ്ങളുടെ വേഷങ്ങൾ ഭംഗിയായി ചെയ്തപ്പോൾ ജയസുധ അമ്മയുടെ റോളിൽ ഒരു പാടി മുന്നിൽ നിന്നു. യോഗി ബാബുവിന്റെയും വിജയ്‍യുടെയും കോമ്പിനേഷൻ രംഗങ്ങൾ ചിത്രത്തിലെ ഏറ്റവും മികച്ച ഭാഗങ്ങളായിരുന്നു, അവരുടെ എല്ലാ കോമഡിയും തിയേറ്ററിൽ ചിരി ഉണർത്തി. നായകന് പ്രണയിച്ച് നടക്കാനും നൃത്തം ചെയ്യാനും മാത്രമുള്ള കഥാപാത്രമായി രശ്മിക മന്ദാന എന്ന നടി ഒരു നോക്കുകുത്തിയായി.



ചിത്രത്തിന്റെ ദൈർഘ്യം കുറച്ചധികമായിരുന്നു. ആവർത്തിച്ചുള്ള അനാവശ്യ സീനുകളും അവസാന പകുതിയിൽ സിനിമയെ അൽപ്പം വലിച്ചുനീട്ടി. ആക്ഷൻ സീൻസ് ഉണ്ടെങ്കിലും, മോശം ആക്ഷൻ കൊറിയോഗ്രാഫിയും എക്സിക്യൂഷനും കാരണം 'വാരിസി'ന് ഒരു അഡ്രിനാലിൻ റഷ് സൃഷ്ടിക്കുന്നതിൽ പരാജയപെടെണ്ടി വന്നു. കാർത്തിക് പളനിയുടെ ഛായാഗ്രഹണം വളരെ മികച്ചതായിരുന്നു. അതേസമയം പ്രവീണിന്റെ എഡിറ്റിംഗാണ് സിനിമയുടെ പോരായ്മകളിൽ ഒന്ന്.



'വാരിസ്' ഒരു ഫെസ്റ്റിവൽ ഫാമിലി എന്റർടെയ്‌നറാണ്, ഒരു പക്കാ വിജയ് സിനിമ തന്നെയാണ് ചിത്രം. കുടുംബ ബന്ധങ്ങളുടെ ഇമോഷനും സന്തോഷവും ചിത്രത്തിൽ കാണാം. കേരളത്തിൽ രാത്രി പന്ത്രണ്ടുമണിക്കും രാവിലെ നാലുമണിക്കും ആറുമണിക്കുമുള്ള ഷോകൾ നിറഞ്ഞ സദസ്സിലാണ് നടന്നത്. ശരാശരിക്ക് മുകളിലുള്ള അനുഭവമായിരുന്നെങ്കിലും യുവാക്കളെയും കുടുംബ പ്രേക്ഷകരെയും തീർച്ചയായും തൃപ്തിപെടുത്തും 'വാരിസ്'. ഈ പൊങ്കലിന് ധൈര്യമായി ടിക്കറ്റ് എടുത്ത് കണ്ട് ആസ്വദിക്കാൻ ഉള്ള വക ചിത്രത്തിലുണ്ട്.