19 April 2024 Friday

ആശ്രിത നിയമന രീതിയിലെ മാറ്റം; വിയോജിപ്പുമായി സര്‍വീസ് സംഘടനകള്‍

ckmnews

ആശ്രിത നിയമനത്തില്‍ നിലവിലെ രീതിയില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി സര്‍വീസ് സംഘടനകളുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. നിയമനം പരിമിതപ്പെടുത്തുന്നതും നാലാമത്തെ ശനിയാഴ്ച അവധി നല്‍കുന്നതും പരിഗണിനാ വിഷയങ്ങളാണ്

സര്‍വീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നേരിട്ട് നിയമനം നല്‍കുന്നതിനുള്ള ആശ്രിത നിയമനം നിയന്ത്രിക്കാനാണ് ആലോചന. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് സര്‍വീസ് സംഘടനകളുമായി ചീഫ് സെക്രട്ടറി വി പി ജോയ് യോഗം ചേരുന്നത്. നിയമനം പരിമിതപ്പെടുത്തുന്നതിനെതിരെ വിയോജിപ്പുമായി സര്‍വീസ് സംഘടനകള്‍ രംഗത്തെത്തയിട്ടുണ്ട്. നിലവിലെ രീതി തുടരണമെന്നാണ് സര്‍വീസ് സംഘടനകളുടെ ആവശ്യം. ആശ്രിത നിയമനത്തിന് പരിഗണിക്കപ്പെടേണ്ട തസ്തികകള്‍ വര്‍ധിപ്പിക്കണമെന്ന് എന്‍ജിഒ യൂണിയന്‍ ആവശ്യപ്പെട്ടു.


സര്‍വീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരില്‍ ഒരാള്‍ക്ക് ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാമെങ്കില്‍, അവര്‍ക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിനാണ് ആലോചന. ഒരു വര്‍ഷത്തിനുള്ളില്‍ ജോലി സ്വീകരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ ആശ്രിത ധന സഹായമായി നല്‍കി ഈ അവസരം പിഎസ്സിക്ക് വിടുന്നതിനുമാണ് ആലോചന.

ആശ്രിത ധനസഹായം സ്വീകരിക്കുന്നവര്‍ക്ക് പിന്നീട് ആശ്രിത നിയമനത്തിന് അവകാശവാദം ഉന്നയിക്കാനാകില്ല. ഒഴിവുവരുന്ന സര്‍ക്കാര്‍ വകുപ്പുകളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ ആശ്രിത നിയമനം നല്‍കാവൂ എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.