29 March 2024 Friday

ബ്രസീലിൽ കലാപം: പാർലമെൻ്റും സുപ്രീംകോടതിയും ആക്രമിച്ച് മുൻ പ്രസിഡൻ്റിൻ്റെ അനുകൂലികൾ

ckmnews

ബ്രസിലീയ: രണ്ട് വർഷം മുൻപ് അമേരിക്കയിൽ ട്രംപ് അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണത്തിന് സമാനമായി ബ്രസീലിലും മുൻ പ്രസിഡൻ്റിൻ്റെ അനുകൂലികൾ ആക്രമണം നടത്തുന്നു. ബ്രസിൽ തലസ്ഥമായ ബ്രസിലീയയിൽ ആണ്  മുൻ പ്രസിഡൻ്റ് ബോൾസനാരോയുടെ അനുകൂലികൾ അക്രമം അഴിച്ചു വിട്ടത്. മൂവായിരത്തിലേറെ പേരടങ്ങുന്ന സംഘം ബ്രസീൽ പാർലമെൻ്റും സുപ്രീംകോടതിയും പ്രസിഡൻ്റിൻ്റെ കൊട്ടാരവും ആക്രമിച്ചു. നിലവിൽ ഇവിടങ്ങളിൽ പ്രതിഷേധക്കാർ തമ്പടിച്ചിരിക്കുകയാണ്. 


അടിയന്തര സാഹചര്യം നേരിടാൻ പ്രസിഡൻ്റ ലുല ഡിസിൽവ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് നേരെയുള്ള ഫാസ്റ്റിസ്റ്റ് ആക്രമണത്തെ അദ്ദേഹം അപലപിച്ചു. ബ്രസീലിൽ ലുലു ഡിസിൽവ അധികാരത്തിലേറി എട്ട് ദിവസത്തിന് ശേഷമാണ് അട്ടിമറി നീക്കം. തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം വിട്ട ബോൾസനാരോ നിലവിൽ അമേരിക്കയിലെ ഫ്ലോറിഡയിലാണുള്ളത് എന്നാണ് വിവരം. ബ്രസിൽ ദേശീയപതാകയിലെ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ ബോൾസനാരോ അനുകൂലികളാണ് തലസ്ഥാനമായ ബ്രസീലിയയിലും രാജ്യത്തെ പ്രധാന നഗരമായ സാവോപോളയിലും അടക്കം സംഘടിച്ചെത്തി ആശങ്ക സൃഷ്ടിക്കുന്നത്.