29 March 2024 Friday

ദേശീയ വിദ്യാഭ്യാസ നയ പഠന റിപ്പോർട്ട് എം.എസ്.എഫ് സ്പീക്കർക്ക് കൈമാറി

ckmnews

ദേശീയ വിദ്യാഭ്യാസ നയ പഠന റിപ്പോർട്ട് എം.എസ്.എഫ് സ്പീക്കർക്ക് കൈമാറി


പൊന്നാനി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ വ്യാപകമായ പരിവർത്തനങ്ങൾക്ക് വഴി തെളിയിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020ന് മന്ത്രിസഭയുടെ അംഗീകാരം നൽകിയിരിക്കുകയാണ്. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന പ്രമാണങ്ങളാണ് നയരേഖകൾ. മറ്റ്  മേഖലകളിലെ വികസനത്തെയും സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളെയും സ്വാധീനിക്കാൻ വിദ്യാഭ്യാസ നയത്തിന് കഴിയും. പാർലമെന്റിനകത്തും പുറത്തും കാര്യക്ഷമമായി ചർച്ച ചെയ്തു ജനാധിപത്യ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് തീരുമാനിക്കേണ്ട വിഷയമാണിത്.ജനാധിപത്യപരമായ കൂടിയാലോചനകൾ ഇല്ലാതെയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയ രേഖ കേന്ദ്ര സർക്കാർ പാസ്സാക്കിയിരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, അദ്ധ്യാപക വിദ്യാഭ്യാസം, പ്രൊഫഷണൽ വിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളിൽ ദൂരവ്യാപകമായ മാറ്റങ്ങൾ പുതിയ നയം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. എംഎസ്എഫ് സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ പഠന റിപ്പോർട്ട്‌  രാജ്യത്തിന്റെ എല്ലാ വിഭാഗം ജനങ്ങളുടെയും വിശേഷിച്ച് പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെയും ഭാവിയെ മുൻനിർത്തിയുള്ള വിശകലനമാണ്.എം എസ് എഫ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ വിദ്യാഭ്യാസ നയപഠന റിപ്പോർട്ട്‌ കേരള നിയമസഭ സ്‌പീക്കർക്ക് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഷ്ഹർ പെരുമുക്ക് കൈമാറി.എംഎസ്എഫ് ജില്ലാ സെക്രട്ടറി റാഷിദ്‌ കോക്കൂർ, എംഎസ്എഫ് നിയോജക മണ്ഡലം ഭാരവാഹികളായ ഫർഹാൻ ബിയ്യം, നദീം ഒളാട്ട്, ഹന്നാൻ മാരാമുറ്റം, എ എം സിറാജുദ്ധീൻ എന്നിവർ സംബന്ധിച്ചു.