29 March 2024 Friday

കലോത്സവ വേദിയിൽ ക്ഷീണിച്ചെത്തുന്നവർക്ക് കേരള പൊലീസിന്റെ സൗജന്യ ചുക്ക് കാപ്പി

ckmnews

കോഴിക്കോട് : കോഴിക്കോട് കലോത്സവ വേദിയിൽ ക്ഷീണിച്ചെത്തുന്നവർക്ക് കേരള പൊലീസിന്റെ വക ചുക്ക് കാപ്പി. തികച്ചും സൗജന്യമായിട്ടാണ് ചുക്കുകാപ്പിയുടെ വിതരണം. ക്രമസമാധാന പരിപാലനം മാത്രമല്ല, തിരക്കേറിയ കലോത്സവ വേദികളിൽ കേരളത്തിന്റെ പരമ്പരാഗത ‘ചുക്കുക്കാപ്പി’ വിളമ്പുന്നതും പൊലീസിന്റെ ഉത്തരവാദിത്തമാണ്. ഓരോ ദിവസവും, പൊലീസ് ഉദ്യോഗസ്ഥർ അവരുടെ വീടുകളിൽ നിന്നുള്ള ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച കാപ്പി കുറഞ്ഞത് 4,500 ഗ്ലാസ് എങ്കിലും വിളമ്പുന്നു.


ഇത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കാഷ്വൽ കോഫിയല്ല. 15 ഓർഗാനിക് ചേരുവകൾ ഉപയോഗിച്ചാണ് ഞങ്ങൾ ഇത് തയ്യാറാക്കുന്നത്. കാപ്പിപ്പൊടിയും ശർക്കരയും മാത്രമാണ് പുറത്തുനിന്ന് വാങ്ങുന്നതെന്ന് കേരള പൊലീസ് അസോസിയേഷൻ ഭാരവാഹിയായ വി.പി.പവിത്രൻ പറഞ്ഞു. ഇതിനുള്ള ചെലവ് കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും തുല്യമായി പങ്കിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌പെഷ്യൽ കോഫി തയ്യാറാക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള കൗണ്ടറിൽ പ്രതിദിനം 15 പൊലീസുകാരെങ്കിലും ജോലി ചെയ്യുന്നുണ്ട്. അവധിയെടുക്കുന്ന ഉദ്യോഗസ്ഥർ സന്നദ്ധ സേവനമായാണ് സംഘത്തോടൊപ്പം ചേരുന്നത്.


“ഇത് വളരെ നല്ല കാര്യമാണ്, ഈ പൊലീസ് ഉദ്യോഗസ്ഥർ അവരുടെ പോക്കറ്റിൽ നിന്ന് പണം ചെലവഴിക്കുകയും ഒരു സന്നദ്ധ സംരംഭമായി വിദ്യാർത്ഥികളെ സേവിക്കുകയും ചെയ്യുന്നു അവർക്ക് അഭിനന്ദനം അരിഹിക്കുന്നു” ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ.ബൈജു പറഞ്ഞു.