അജഗജാന്തരം’ സിനിമയിലെ ആന നടയ്ക്കൽ ഉണ്ണികൃഷ്ണൻ ചരിഞ്ഞു

അജഗജാന്തരം’ സിനിമയിലെ ആന നടയ്ക്കൽ ഉണ്ണികൃഷ്ണൻ ചരിഞ്ഞു
കോട്ടയം∙ വിവിധ സിനിമകളിൽ കഥാപാത്രമായ കൊമ്പൻ നടയ്ക്കൽ ഉണ്ണികൃഷ്ണൻ ചരിഞ്ഞു. കോട്ടയം മുണ്ടക്കയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയാണിത്. ഒടിയൻ, അജഗജാന്തരം, പാൽത്തു ജാൻവർ തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനം കവർന്ന കൊമ്പനാണ്. അജഗജാന്തരം എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. നെയ്ശേരി പാർഥൻ എന്ന പേരിലായിരുന്നു ചിത്രത്തിൽ ആനയെത്തിയത്.
പഞ്ചവർണ്ണ തത്ത, തിരുവമ്പാടി തമ്പാൻ, കുങ്കി, ഹാത്തിമേരാ സാത്തി തുടങ്ങി നിരവധി ചിത്രങ്ങളിൽ ഉണ്ണികൃഷ്ണൻ കഥാപാത്രമായി. 1982ൽ പാലക്കാട് മനിശ്ശീരി ഹരിയാണ് ഉണ്ണികൃഷ്ണനെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചത്. പിന്നീട് കൊല്ലത്തേക്ക് കൈമാറ്റം ചെയ്ത ആനയെ മുണ്ടക്കയം സ്വദേശി നടയ്ക്കൽ വർക്കി വാങ്ങുകയായിരുന്നു. ആനകളുടെ ഒട്ടുമിക്ക ലക്ഷണങ്ങളും തികഞ്ഞ ഉണ്ണികൃഷ്ണൻ ശാന്ത സ്വഭാവിയും എളുപ്പത്തിൽ ഇണങ്ങുകയും ചെയ്തിരുന്നു.