19 April 2024 Friday

പുതുവത്സര ദിനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റത് റം

ckmnews

തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റത് റം. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് റം ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 268 ഔട്ട്‍ലെറ്റുകളിലും പത്തു ലക്ഷത്തിന് മുകളിൽ മദ്യം വിറ്റഴിഞ്ഞു. അതേസമയം, ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. 2022ലെ പുതുവത്സര ദിനത്തിൽ 95.67 കോടിയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്.


ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് കേരളം കുടിച്ച് തീർത്തത്. കഴിഞ്ഞ വർഷത്തെ ഈ കാലയളവിൽ 10 ദിവസത്തെ വിൽപ്പന  649.32 കോടിയായിരുന്നു. ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് ഔട്ട്‍ലെറ്റാണ്. 1.12 കോടിയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്ത് കൊല്ലം ജില്ലയിലെ ആശ്രമത്താണ്. 96.59 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്.


ഇതിനിടെ ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവ് വന്നിരുന്നു. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്ക്കോ ഔട്ട്‍ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്. 24 ന് 89.52 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം 90.03 കോടിയുടെ മദ്യമാണ്  ക്രിസ്മസ് തലേന്ന് വിറ്റത്. അതേസമയം, 22, 23, 24 എന്നീ ദിദിവസങ്ങൾ മൊത്തത്തിൽ നോക്കുമ്പോൾ മദ്യവിൽപ്പന ഈ വര്‍ഷം കൂടി. 229.80 കോടി രൂപയുടെ മദ്യമാണ് ഈ ദിവസങ്ങളിൽ വിറ്റത്.


കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 215 .49 കോടിയുടെ മദ്യമാണ് വിറ്റത്. മദ്യത്തിന് രണ്ട് ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസണായിരുന്നു ഇത്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 68.48 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ നടന്നത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റില്‍ 65.07 ലക്ഷം രൂപയുടെ വിൽപ്പനയും ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ 61.41 ലക്ഷം ക്ഷം രൂപയുടെ വിൽപ്പനയും നടന്നു.