25 April 2024 Thursday

ക്രിസ്തുമസ് - ന്യൂയര്‍ ദിനത്തില്‍ മൂന്നാറിലെത്തിയത് ഒരു ലക്ഷത്തിലധികം സഞ്ചാരികള്‍

ckmnews

മൂന്നാര്‍: കഴിഞ്ഞ ഒരാഴ്ചയായി മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹമായിരുന്നു. ഏതാണ്ട് ഒരു ലക്ഷത്തിലധികം വിനോദ സഞ്ചാരികളാണ് ഈ ദിവസങ്ങളില്‍ മൂന്നാറിലെത്തിയത്. മുന്‍കൂര്‍ മുറികള്‍ ബുക്ക് ചെയ്ത് എത്തിവര്‍ക്കൊഴികെ മറ്റാര്‍ക്കും തന്നെ മുറികള്‍ ലഭിച്ചിരുന്നില്ല. രാത്രികാലങ്ങളില്‍ എത്തിവര്‍ വഴിയോരങ്ങളില്‍ വാഹനങ്ങളില്‍ തന്നെ കിടന്നുറങ്ങി നേരം വെളുപ്പിച്ചു. മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര മേഖലകളായ മാട്ടുപ്പെട്ടി, രാജമല, എക്കോ പോയിന്‍റ്, ഫോട്ടോ പോയിന്‍റ് , കുണ്ടള ജലാശയങ്ങള്‍ ഏന്നിവിടങ്ങളില്‍ സന്ദര്‍ശകരുടെ നീണ്ട നിര കാണാമായിരുന്നു. തിരക്കേറിയതോടെ ട്രാഫിക്ക് കുരുക്കും മണിക്കൂറുകളോളം നീണ്ടു. കെ എഫ് ഡി സിയുടെ കീഴിലുള്ള ഫ്ളവര്‍ ഗാര്‍ഡനില്‍ 29,270 പേരും, രാജമലയില്‍ 35,000 പേരും, ജില്ലാ ടൂറിസം വകുപ്പിന്‍റെ ബോട്ടാനിക്ക് ഗാര്‍ഡനില്‍ 20,000 പേരുമാണ് കഴിഞ്ഞ 10 ദിവസത്തിനിടെ സന്ദര്‍ശിച്ചത്. 


ഇതിന്‍റെ നാലിരട്ടിലധികം പേര്‍ക്ക് തിരക്കില്‍പ്പെട്ട് ടിക്കറ്റ് ലഭിക്കാതെ മടങ്ങേണ്ടി വന്നു. സന്ദര്‍ശകരുടെ തിക്കേറുന്ന സാഹചര്യം മനസിലാക്കി മൂന്നാര്‍ പൊലീസ് ശക്തമായ നിരീക്ഷമാണ് മൂന്നാറില്‍ ഏര്‍പ്പെടുത്തിയിരുന്നത്. മൂന്നാര്‍ ഡിവൈഎസ്പി കെ ആര്‍ മനോജിന്‍റെ നിര്‍ദ്ദേശ പ്രകാരം സി ഐ മനീഷ് കെ പൗലോസ് വിനോദ സഞ്ചാര മേഖലകള്‍ കേന്ദ്രീകരിച്ച് നൈറ്റ് പെട്രോള്‍ അടക്കം ശക്തമാക്കി. രാത്രി കാലങ്ങളില്‍ വിനോദ സഞ്ചാരിള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഇത്തവണ പൊലീസ് പരിശോധന കര്‍ശനമാക്കിയത്. ഇതേ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അധിക്യതര്‍ക്ക് കഴിഞ്ഞു. ജനുവരി പിറന്നതോടെ മൂന്നാര്‍ അതിശൈത്യത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തണുപ്പ് 3 ഡിഗ്രിയില്‍ എത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ തണുപ്പ് മൈനസിലെത്തുമെന്നാണ് കരുതപ്പെടുന്നത്.