23 March 2023 Thursday

റൊണാൾഡോ- മെസി പോരാട്ടം ഈ മാസം 19ന് റിയാദില്‍

ckmnews

റിയാദ്: ഖത്തറിലെ ലോകകപ്പ് ആരവങ്ങൾ അടങ്ങുന്നതോടെ സൗദിയിലെ ഫുട്ബാൾ ആരാധകർക്ക് മറ്റൊരു സന്തോഷ വർത്ത കൂടി. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉള്‍പ്പെടുന്ന ടീമും ലിയോണൽ മെസിയുടെ പി എസ് ജിയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദ പോരാട്ടം ജനുവരി 19ന് റിയാദില്‍ നടക്കും. റിയാദിലെ മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ‘റിയാദ് സീസൺ’ സൗഹൃദ ടൂർണമെന്‍റിലാണ് പി എസ് ജിയും ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സൗദിയിൽ നിന്നുള്ള ടീമും തമ്മില്‍ മത്സരിക്കുക.


സൗദിയിലെ രണ്ട് പ്രമുഖ ക്ലബുകളായ അൽ-നസറിന്‍റെയും അൽ-ഹിലാലിന്‍റെയും ഏറ്റവും മുൻനിര താരങ്ങൾ അടങ്ങുന്ന ടീമായിരിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്നിൽ അണിനിരക്കുക. കഴിഞ്ഞ ദിവസമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നസർ ക്ലബുമായി രണ്ടര വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടത്.


ഒന്നര പതിറ്റാണ്ട് നീണ്ട കരിയറില്‍ ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും രാജ്യത്തിനുമായുള്ള മത്സരങ്ങളില്‍ ഇതുവരെ 36 തവണയാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലിയോണല്‍ മെസിയും നേര്‍ക്കുനേര്‍വന്നത്. ഇതില്‍ റൊണാള്‍ഡോയുടെ ടീമിനെതിരെ മെസി 22 ഗോളുകള്‍ നേടിയപ്പോള്‍ മെസിയുടെ ടീമിനെതിരെ റൊണാള്‍ഡോ 21 ഗോളുകള്‍ അടിച്ചു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏഷ്യയില്‍ പന്ത് തട്ടാനത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. റൊണാള്‍ഡോയുടെ വരവ് സൗദിക്കൊപ്പം ഏഷ്യന്‍ ഫുട്ബോളിനെയും ലോക ശ്രദ്ധയില്‍ എത്തിക്കുമെന്നാണ് കരുതിയിരിക്കെയാണ് മെസി കൂടി റിയാദില്‍ പന്ത് തട്ടാനെത്തുന്നത്. രണ്ട് ഇതിഹാസങ്ങള്‍ നേര്‍ക്കുനേര്‍വരുന്ന അവസാന മത്സരമായിരിക്കുമെന്ന വിലയിരുത്തലില്‍ മത്സരം കാണാനായി ആരാധകരുടെ ഒഴുക്ക് തന്നെ സ്റ്റേഡിയത്തിലേക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


അര്‍ജന്‍റീനക്ക് ലോകകപ്പ് നേടിക്കൊടുത്തശേഷം പുതുവര്‍ഷവും ആഘോഷിച്ച് മെസി ഈ ആഴ്ച പി എസ് ജിയില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഫ്രഞ്ച് ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മെസിയും നെയ്മറുമില്ലാതെ ഇറങ്ങിയ പി എസ് ജി രണ്ടാം സ്ഥാനക്കാരായ ലെന്‍സിനോട് 1-3ന്‍റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു