27 March 2023 Monday

പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് സ്കൂട്ടറിലടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

ckmnews

ആലപ്പുഴ: പുതുവത്സര ദിനത്തിൽ നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് സ്കൂട്ടറിലടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പൊലീസ് ഡ്രൈവർ അറസ്റ്റിൽ. ആലപ്പുഴ എ. ആർ ക്യാമ്പിലെ പൊലീസുകാരൻ വിഷ്ണുദാസിനെയാണ് (32) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യയും അപകടകരമായി വാഹനം ഓടിച്ചതിനുമുള്ള കുറ്റത്തിനാണ് അറസ്റ്റ്. നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് ഇടിച്ചാണ് ബന്ധുക്കളായ രണ്ടു പേർ മരിച്ചത്. 


ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങിയ കോട്ടയം വേളൂർ ചുങ്കത്ത് മുപ്പത് അകംപാടം എഡ്വേർഡിന്റെ  മകൻ ജസ്റ്റിൻ (അനിയച്ചൻ -38), കുമരകം പുത്തൻറോഡ് നാലുകണ്ടം ജൂലിയാമ്മയുടെ മകൻ ആഷിക് എഡ്വേർഡ് അലക്സ് (വാവച്ചി -20) എന്നിവരാണ് മരിച്ചത്. ജസ്റ്റിൻറെ അമ്മയുടെ സഹോദരിയുടെ മകനാണ് ആഷിക്.  ഞായറാഴ്ച പുലർച്ച 3.30ന് ആലപ്പുഴ-മുഹമ്മ റോഡിൽ തലവടി ജങ്ഷന് സമീപമായിരുന്നു അപകടം.