25 April 2024 Thursday

അന്ധവിശ്വാസവും അനാചാരങ്ങളും നേരിടുന്നതിൽ നാരായണ ഗുരു മാതൃക, നിയമനിർമ്മാണം ആലോചിക്കുന്നു: മുഖ്യമന്ത്രി

ckmnews

വർക്കല: അന്ധവിശ്വാസവും അനാചാരങ്ങളും നേരിടുന്ന കാര്യത്തിൽ ശ്രീ നാരായണ ഗുരു മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരു പെരുമാറിയത് ജനാധിപത്യബോധത്തോടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഗുരു അവസാനിപ്പിക്കാൻ ശ്രമിച്ച ദുരാചാരങ്ങൾ മടങ്ങി വരാൻ ശ്രമിക്കുകയാണ്. അന്ധവിശ്വാസം മനുഷ്യനെ ക്രിമിനലാക്കി മാറ്റുന്നുവെന്നത് നരബലിയിൽ കാണാം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിയമ നിർമാണം നടത്താൻ ആലോചിക്കുന്നുണ്ട്. ഗുരുവിൻ്റെ നിലപാട് തുടരണം, സമൂഹത്തെ പിന്നോട്ടടിപ്പിക്കാൻ അനുവദിച്ച് കൂടാ. നവോത്ഥാന ചിന്ത ഉയർത്തിപ്പിടിക്കണം. ഈ ദൗത്യം ഏറ്റെടുക്കേണ്ട മേഖലയിൽ നിന്ന് അതില്ല എന്നത് ഖേദകരം. 


മാധ്യമങ്ങൾ അയഥാർത്ഥ വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കരുത്. മനുഷ്യരുടെ ജീവിതത്തിലേക്ക് മാധ്യമങ്ങൾ ശ്രദ്ധ തിരിക്കണം. മന്ത്രവാദം, ചാത്തൻസേവ തുടങ്ങിയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുത്. ജനങ്ങൾ കൂട്ടത്തോടെ ഇതിന് പിറകെ പോവുകയാണ്. ദുരാചാരത്തിൻ്റെ ദുർമൂർത്തികൾ ഉറഞ്ഞുതുള്ളുകയാണ്. നാടിൻ്റെ വികസനത്തെ കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകേണ്ട ഗുരുവിൻ്റെ കാഴ്ചപ്പാടാണ് സർക്കാരിനുമുള്ളത്. ശിവഗിരിക്ക് വേണ്ട പരിഗണന നൽകി വന്നിട്ടുണ്ട്. അത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


ശ്രീനാരായണഗുരുവിൻ്റെ ജീവിതം മുന്നോട്ട് വെച്ച സന്ദേശം കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നിടത്തും ജീവിതത്തിൽ പകർത്തുന്നിടത്തും ആണ് ശിവഗിരി തീർത്ഥാടനം അർത്ഥവത്താകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തി ജീവിതത്തെയും പൊതു ജീവിതത്തെയും ശുദ്ധീകരിക്കാൻ ഗുരുവിൻ്റെ സന്ദേശം ഉപയോഗിക്കാനാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ശിവഗിരി തീർത്ഥാടനം എന്തിന് വേണ്ടിയെന്ന് ഗുരു തന്നെ പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം, തൊഴിൽ, കൃഷി, ആരോഗ്യം തുടങ്ങിയവക്ക് വേണ്ടിയാണിത്. സാമൂഹ്യ പുരോഗതി ഈ രീതിയിൽ മാത്രമേ വരുത്താനാകൂ എന്ന് ഗുരു പറഞ്ഞു. മഞ്ഞ വസ്ത്രം എന്തിനാണെന്നതിന് ഗുരു തന്നെ പറഞ്ഞു. കാഷായ വസ്ത്രം എന്നത് അറിയാതെയല്ല മഞ്ഞ വസ്ത്രം എന്ന് പറഞ്ഞത്. തീർത്ഥാടനത്തിൽ ആർഭാടം പാടില്ലെന്ന് ഗുരു പറഞ്ഞു. മഞ്ഞ പട്ട് വേണ്ടെന്നും പറഞ്ഞു.വെള്ള മുണ്ട് മഞ്ഞളിൽ മുക്കിയെടുത്താൽ മതി എന്ന് പറഞ്ഞു. ആർഭാടവും ഒച്ചപ്പാടുമുണ്ടാക്കി മലിനപ്പെടുത്തരുതെന്നും ഗുരു പറഞ്ഞു. ശിവഗിരി തീർത്ഥാടനം ഗുരുവിൻ്റെ നിർദേശ പ്രകാരം തന്നെയാണ് നടത്തുന്നത്. തീർത്ഥാടനത്തിൽ പാളിച്ചയുണ്ടെങ്കിൽ സന്യാസി ശ്രേഷ്ഠൻമാർ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.