25 April 2024 Thursday

വാഹനാപകട കേസുകള്‍ക്ക് പൊലീസ്‌ സ്‌റ്റേഷനുകളിൽ പ്രത്യേകം യൂണിറ്റുകള്‍, നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

ckmnews

രാജ്യത്തെ വാഹനാപകട കേസുകളുടെ അതിവേഗ പരിഹാരത്തിന് നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. വാഹനാപകടങ്ങളിൽ എഫ്‌ഐആർ ഉടൻ രജിസ്‌റ്റർ ചെയ്‌ത്‌ പ്രഥമ അപകട റിപ്പോർട്ട്‌ 48 മണിക്കൂറിനകം നഷ്‍ടപരിഹാര ട്രിബ്യൂണലിന്‌ കൈമാറണമെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. വാഹനാപകടക്കേസുകൾ കൈകാര്യം ചെയ്യാൻ മൂന്ന്‌ മാസത്തിനകം എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക യൂണിറ്റ് രൂപീകരിക്കണമെന്നും സുപ്രീംകോടതി സംസ്ഥാനങ്ങളോട് നിർദേശിച്ചു. വാഹനാപകടക്കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഇവിടെ വേണമെന്നും ജസ്‌റ്റിസുമാരായ എസ്‌ അബ്‍ദുൾ നസീർ, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഡിവിഷൻബൈഞ്ച്‌ നിർദേശിച്ചു.


അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട്‌ കിട്ടിയാല്‍ ഉടൻ നഷ്‍ടപരിഹാര ട്രിബ്യൂണൽ കേസ്‌ രജിസ്‌റ്റർ ചെയ്യണം. തുടർന്ന്‌ ഇടക്കാല റിപ്പോർട്ട്‌, വിശദമായ റിപ്പോർട്ട്‌ എന്നിവയും ഇതോടൊപ്പം ചേർക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ സ്വീകരിച്ച നടപടികൾ, അപകടത്തിന്റെ ഇരകൾ, അവരുടെ നിയമപരമായ പ്രതിനിധികൾ, ഡ്രൈവർ, ഉടമ, ഇൻഷുറൻസ്‌ കമ്പനി, ബന്ധപ്പെട്ട മറ്റുള്ളവർ എന്നിവരെ അറിയിക്കണം

ഓരോ ട്രിബ്യൂണലിന്‍റെയും പരിധിയിൽ വരുന്ന പൊലീസ്‌ സ്‌റ്റേഷനുകളുടെ വിവരം ഹൈക്കോടതി രജിസ്‌ട്രാർ ജനറലിനെ അറിയിക്കണം. ട്രിബ്യൂണൽ നിശ്‌ചയിക്കുന്ന നഷ്‍ടപരിഹാരം തൃപ്‌തികരമല്ലെങ്കിൽ അത്‌ വർധിപ്പിക്കാൻ തെളിവ്‌ സഹിതം ആവശ്യപ്പെടാൻ ഇരകൾക്ക്‌ സമയം നൽകണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന അധികൃതർ സാങ്കേതിക ഏജൻസിയുടെ സഹായത്തോടെ വെബ്‌ പോർട്ടൽ സ്ഥാപിക്കണം എന്നും കോടതി നിർദേശിച്ചു.

വാഹനാപകടക്കേസുകളില്‍ നഷ്‍ടപരിഹാരം ലഭിക്കാന്‍ പൊലീസ് സ്റ്റേഷനും ട്രൈബ്യൂണലും കോടതിയും കയറിയിറങ്ങുന്നവര്‍ക്ക് ആശ്വാസമാണ് പുതിയ കോടതി ഉത്തരവ്. ക്ലെയിമുകള്‍ നിശ്ചിതസമയത്തിനകം തീര്‍പ്പാക്കാനാണ് സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചത്. അപകടമുണ്ടായാല്‍ പൊലീസും ഇന്‍ഷുറന്‍സ് കമ്പനികളും നഷ്ടപരിഹാര ട്രൈബ്യൂണലുകളും ചെയ്യേണ്ട കാര്യങ്ങളാണ് മാര്‍ഗരേഖയിലുള്ളത്. ഉത്തര്‍പ്രദേശ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസിടിച്ച് യുവാവ് മരിച്ച കേസില്‍ ട്രൈബ്യൂണല്‍ വിധിക്കെതിരെ കോര്‍പറേഷന്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് നടപടി. വാഹനാപകടം സംഭവിക്കുന്നതുമുതല്‍ ഉണ്ടാകേണ്ട നടപടികളും ഇടപെടലുകളുമാണ് മാര്‍ഗരേഖയില്‍ വിശദീകരിക്കുന്നത്.


കോടതി മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (MACT) ക്ലെയിം ഹർജി അനുവദിക്കുകയും റോഡപകടത്തിൽ മരിച്ച 24 കാരന്‍റെ കുടുംബത്തിന് അനുകൂലമായി 31,90,000 രൂപ നഷ്ടപരിഹാരം നൽകാൻ നിര്‍ദ്ദേശിക്കുകയും ചെയ്‍തു.