19 April 2024 Friday

സ്റ്റേജ് സുരക്ഷ ഉറപ്പാക്കി, കലോത്സവം ആർഭാടത്തിന് വേദിയാക്കരുതെന്നാണ് കോടതി നിർദേശം; വി ശിവൻകുട്ടി

ckmnews

കലോത്സവം ആർഭാടത്തിന് വേദിയാക്കരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. അപ്പീലുകൾ ഒരു പ്രശ്നമാണ്. കുറേ അപ്പീലുകൾ ഹൈക്കോടതി തള്ളിയിട്ടുണ്ട്. സ്റ്റേജ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കലോത്സവം നടക്കുമ്പോൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ അപ്പീൽ കമ്മിറ്റി കാണും. ഇതിൽ എങ്ങനെ മാറ്റം വരുത്താമെന്ന് സർക്കാർ ആലോചിക്കുന്നുണ്ട്. കഴിവതും അപ്പീലുകൾ കുറയ്ക്കണം. കലോത്സവ മാന്വൽ പുതുക്കുന്ന കാര്യം പരിഗണയിലാണ്. അടുത്ത വർഷം മുതൽ അപ്പീലുകൾ നിയന്ത്രിക്കാൻ ക്രമീകരണം കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി.

സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് നിർദേശവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുക എന്നതാണ് കാര്യം. പരാജയം ഉൾക്കൊള്ളാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.രക്ഷിതാക്കളുടെ അനാവശ്യ ഉത്ക്കണ്ഠ കുട്ടികളെ വിഷാദരോഗത്തിലേക്ക് തള്ളിവിട്ടേക്കും. കലോത്സവങ്ങൾ ആർഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാകരുത്.ദരിദ്ര ചുറ്റുപാടുകളിൽ നിന്ന് വരുന്ന കഴിവുള്ള പല കുട്ടികൾക്കും ഭാരിച്ച ചിലവുകൾ താങ്ങാൻ സാധിക്കാറില്ല. ഇക്കാര്യം കൂടി അപ്പീലുകളുമായി കോടതിയിൽ എത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ മനസിലാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

കലോത്സവവുമായി ബന്ധപ്പെട്ട് അപകടമുണ്ടായാൽ സംഘാടകർക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.