24 April 2024 Wednesday

ഐരൂരിൽ ഓലക്കുടിലുകളിൽ താമസിക്കുന്ന 140 പേർക്ക് റോഡെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

ckmnews

ഐരൂരിൽ ഓലക്കുടിലുകളിൽ താമസിക്കുന്ന 140 പേർക്ക് റോഡെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു


ചങ്ങരംകുളം:പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് പഞ്ചായത്തിലെ ഐരൂരിൽ ഓലക്കുടിലുകളിൽ ദുരിത ജീവിതം നയിക്കുന്ന 26 കുടുംബങ്ങൾക്ക് ഇനി വെള്ളക്കെട്ടുകൾ നീന്താതെ യാത്ര ചെയ്യാം.ജില്ലാ പഞ്ചായത്ത് മെമ്പർ കൂടിയായ എകെ സുബൈറിന്റെ ഇടപെടലുകളാണ് ഓലക്കുടിലുകളിൽ താമസിക്കുന്ന 140 പേർ അടങ്ങുന്ന കുടുംബങ്ങൾക്ക് റോഡ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്.



എരമംഗലം സ്വദേശിയായ വി കെ കുഞ്ഞുമോൻ ഹാജി സൗജന്യമായി വിട്ടുനൽകിയ 42 സെന്റ് സ്ഥലത്താണ് സ്വന്തമായി വീടില്ലാത്ത 140 ഓളം പേർ 26 ഓളം കുടിലുകളിലായി ഓല മേഞ്ഞും ടാർപോളിൻ വലിച്ച് കെട്ടിയും താമസിച്ച് വരുന്നത്.ഇവരുടെ ദുരിതം നിറഞ്ഞ ജീവിതവും യിത്രാ പ്രശ്നങ്ങളും ശ്രദ്ധയിൽ പെടുത്തിയതോടെ പരേതരായ കെ എം മൂസ മൗലവിയും പുറ്റിയങ്ങാട്ടേൽ കുട്ടി ഉമ്മർ ഹാജിയും റോഡിനുവേണ്ടി സൗജന്യമായി വിട്ടുനൽകിയ സ്ഥലം ഉപയോഗിച്ചാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ മുടക്കി ആറ് മീറ്റർ വീതി യോടുകൂടിയ റോഡിന്റെ പ്രവൃത്തി പൂർത്തിയാക്കിയത്.


നടവഴിപോലും ഇല്ലാതിരുന്ന പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതത്തിന് ഡിവിഷൻ മെമ്പർ കൂടിയായ എകെ സുബൈറിന്റെയും  പരേതനായ സി പി മമ്മിക്കുട്ടി മാസ്റ്ററുടെയും ഇടപെടൽ മൂലമാണ് പരിഹാരമാകുന്നത്.പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട 26 കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ മുൻ സ്പീക്കർ കൂടിയായ പി ശ്രീരാമകൃഷ്ണൻ അടക്കമുള്ള രാഷ്ട്രീയ നേതൃത്വവും പൊതുപ്രവർത്തകരും കാര്യമായ ഇടപെടൽ നടത്തിയെങ്കിലും ഇവർ താമസിച്ച് വരുന്ന ഭൂമി ഗവർണറുടെ പേരിലാണ് രജിസ്ട്രർ ചെയ്തതെന്ന സാങ്കേതിക കാരണങ്ങൾ ദുരിത ജീവിതം പേറുന്ന ഈ കുടുംബങ്ങൾക്ക് ഒരു വീടെന്ന സ്വപ്നങ്ങൾക്കും തടസ്സമായി നിൽക്കുകയാണ്