29 March 2024 Friday

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

ckmnews

ഫുട്ബോളിന്‍റെ എക്കാലത്തേയും ഇതിഹാസ താരം പെലെ അന്തരിച്ചു. 82 വയസായിരുന്നു. അർബുദ ബാധിതനായതിനെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പെലെയുടെ ഏജന്റ് ജോ ഫ്രാഗയാണ് മരണം സ്ഥിരീകരിച്ചത്. മരണം മകളും സ്ഥിരീകരിച്ചു. 


മൂന്നു ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകൾ നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു. എഡ്‍സൺ ആരാന്‍റസ് ഡൊ നസിമെന്‍റോ എന്നായിരുന്നു യഥാർത്ഥ പേര്. തോമസ് എഡിസണിന്‍റെ പേര് മാതാപിതാക്കൾ അദ്ദേഹത്തിന് നൽകുകയിരുന്നു. പിന്നീട് വാസ്കോ ഗോൾകീപ്പർ ബിലേയിൽ നിന്നാണ് പെലെ എന്ന വിളിപ്പേര് വന്നത്. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ അഗ്രഗണ്യനാണ് പെലെ.


പതിനഞ്ചാം വയസിൽ പ്രെഫഷണൽ ക്ലബായ സാന്റോസിനുവേണ്ടി പന്ത് തട്ടിയായിരുന്നു തുടക്കം. മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിനിടയിൽ പതിനാറാം വയസിലാണ് പെലെ ബ്രസീൽ ഫുട്ബോൾ ടീമിലേക്കെത്തിയത്. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അർജന്റീനയ്ക്കെതിരെയും. അന്ന് അർജന്റീനയോട് ബ്രസീൽ 1-2ന് തോറ്റെങ്കിലും ബ്രസീലിന്റെ ഏകഗോൾ നേടി പെലെ തന്റെ അരങ്ങേറ്റം കൊഴുപ്പിച്ചു. 58 ൽ തന്റെ പതിനേഴാംവയസിൽ സ്വീഡനെതിരായ ലോകകപ്പ് ഫൈനലിലൂടെ അദ്ദേഹം ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റുകയായിരുന്നു.