20 April 2024 Saturday

ബഫര്‍ സോണ്‍: സര്‍വെ നമ്പറടങ്ങിയ ഭൂപടം പ്രസിദ്ധീകരിച്ചു

ckmnews

തിരുവനന്തപുരം : ബഫര്‍ സോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളുടെ സര്‍വെ നമ്പര്‍ അടങ്ങിയ ഭൂപടം പ്രസിദ്ധീകരിച്ചു. ജനവാസ കേന്ദ്രങ്ങളേയും നിര്‍മിതികളേയും ഒഴിവാക്കി സംരക്ഷിത മേഖലയ്ക്ക് ചുറ്റുമുള്ള ബഫര്‍ സോണ്‍ ഭൂപടം നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ സര്‍വെ നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയ ഭൂപടമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. ഓരോ സ്ഥാപനത്തിനും ഓരോ നിറമാണ് ഭൂപടത്തില്‍ നല്‍കിയിരിക്കുന്നത്. ഇതിലുള്ള പരാതികള്‍ ജനുവരി 7 മുതല്‍ നല്‍കാം.


സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കാനുള്ള സമിതിയുടെ കാലാവധിയും നീട്ടിയിട്ടുണ്ട്. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായുള്ള സമിതിയുടെ കാലാവധിയാണ് നീട്ടി നല്‍കിയിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 8 വരെയാണ് കാലാവധി നീട്ടി ഉത്തരവിറങ്ങിയത്. ഡിസംബര്‍ 30ന് കാലാവധി തീരുമെന്നായിരുന്നു മുന്‍പ് അറിയിച്ചിരുന്നത്. കാലാവധി നീട്ടാന്‍ നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു.


ബഫര്‍സോണുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ഫീല്‍ഡ് വേരിഫിക്കേഷന് വാര്‍ഡ്തലത്തില്‍ സമിതി രൂപീകരിക്കും. പരാതി ലഭിച്ചാലുടന്‍ പരിശോധന നടത്തും. 2021ലെ ഭൂപടം മാനദണ്ഡമാക്കിയതിന് എളുപ്പത്തിന് വേണ്ടിയാണെന്നും മന്ത്രി അറിയിച്ചിരുന്നു.