27 March 2023 Monday

ഡോക്ടറുടെ കുറിപ്പടി വായിക്കാനാകാതെ ഫാർമസിസ്റ്റുകൾ; സംശയം ചോദിച്ചാൽ മറുപടികളും വിചിത്രമെന്ന് പരാതി

ckmnews

വായിക്കാനാകാത്ത ഡോക്‌ടറുടെ കുറിപ്പടികൾ പുതുമയുള്ളതല്ല. എന്നാൽ, സംശയം ചോദിച്ച സ്‌റ്റാഫ്‌ നഴ്‌സിനും വനിത ഫാര്‍മസിസ്‌റ്റിനും കുറുപ്പടിയില്‍ പരിഹാസ മറുപടി നൽകിയ സംഭവമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ആലപ്പുഴ ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർ സത്യംഗപാണിക്കെതിരെയാണ് പരാതി.


സംശയം ചോദിക്കാനെത്തിയ നഴ്സിന് ഡോക്ടറുടെ മറുപടി ഇങ്ങനെ,‘ദൈവത്തെ സിസ്റ്റർ കളിയാക്കരുത്’, മറ്റൊരു നഴ്സ് സംശയം ചോദിച്ച കുറിപ്പടിയിൽ വേറൊന്ന്, ‘എന്നാൽ ദൈവത്തെ എനിക്ക് പേടിയാണ്’. ഒരു തരത്തിലും വായിച്ചെടുക്കാൻ സാധിക്കാത്ത വിധം മരുന്ന് കുറിക്കുകയും സംശയം ചോദിക്കുന്ന നഴ്സുമാരെയും ഫാർമസിസ്റ്റുകളെയും ആക്ഷേപിക്കുകയും ചെയ്യുന്ന ഡോക്ടർക്കെതിരെ ജീവനക്കാർ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.


മരുന്ന് കുറിപ്പടിയിൽ കൂട്ടക്ഷരം പാടില്ലെന്നും വായിക്കാവുന്ന വിധത്തിൽ ജനറിക് പേര് എഴുതണമെന്നുമുള്ള മെഡിക്കൽ കൗൺസിലിന്റെ നിർദ്ദേശത്തിന് പുല്ലുവില നൽകുകയാണ് ഡോക്ടർ സത്യംഗപാണി. ജനറൽ മെഡിസിൻ ഒ.പിയിൽ വൈകുന്നേരങ്ങളിലാണ് ഡോക്ടർക്ക് ഡ്യൂട്ടി.

ഡോക്ടറുടെ ക്ഷോഭവും പരിഹാസവും ഭയന്ന് ഇപ്പോൾ നഴ്സുമാരോ ഫാർമസിസ്റ്റുകളോ സംശയം ചോദിക്കാറില്ല. ഡോക്ടർക്കെതിരെ പൊതുജനാരോഗ്യ പ്രവർത്തകൻ സി സനൽ ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ചിലപ്പോൾ സംശയങ്ങൾക്ക് മലയാളത്തിൽ മരുന്നിന്റെ പേരെഴുതി മറ്റൊരു വിധത്തിലും ഡോക്ടർ കളിയാക്കൽ നടത്തുന്നു എന്നും ആരോപണമുണ്ട്.