25 April 2024 Thursday

സ്‌കൂൾ ഒളിമ്പിക്‌സും സ്‌പോർട്‌സ് കോംപ്ലക്‌സും പരിഗണനയിൽ; വി ശിവൻകുട്ടി

ckmnews

ഒളിമ്പിക്‌സ് മാതൃകയിൽ കേരള സ്‌കൂൾ ഒളിമ്പിക്‌സ് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കണ്ണൂർ, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ കേരള സ്കൂൾ ഒളിമ്പിക്സ് നടത്താനുള്ള വേദികൾ ഉണ്ട്. മറ്റു ജില്ലകളിൽ കൂടി സൗകര്യം വർദ്ധിപ്പിച്ചാൽ എല്ലാ ജില്ലകളിലും കേരള സ്കൂൾ ഒളിമ്പിക്സ് നടത്താനുള്ള സാധ്യത രൂപപ്പെടും. വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്വന്തമായി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പരിഗണനയിലുണ്ടെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വടുവന്‍ചാല്‍ ജി.എച്ച്.എസ്.എസിൽ നൈപുണ്യവികസന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനം അത്യന്താപേക്ഷിതമാണ്. എന്നാല്‍ സ്‌കൂള്‍ മൈതാനങ്ങളെ കവര്‍ന്നുകൊണ്ടുള്ള കെട്ടിട നിര്‍മ്മാണങ്ങള്‍ ശരിയായ പ്രവണതയല്ല. കായികവും മാനസികവുമായ വളര്‍ച്ചയ്ക്ക് നിദാനമായ കളിമൈതാനങ്ങളെ നിലനിര്‍ത്തി വേണം കെട്ടിട നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്താന്‍. കായിക മേഖലയിലെ ഉണര്‍വിനായി വിവിധ പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. സ്‌കൂള്‍തല കായികോത്സവങ്ങള്‍ വിപുലമായി നടത്തും. നീന്തല്‍ ഉള്‍പ്പെടെയുള്ള കായിക ഇനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.

പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരിയുടെ കാലത്ത് നിര്‍ത്തിവച്ചിരുന്ന, പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് ആനുകൂല്യമാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ പുനഃസ്ഥാപിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.