25 April 2024 Thursday

നിയമ വിരുദ്ധ രക്തശേഖരണത്തിനെതിരെ ബി ഡി കെ മലപ്പുറം ബൈക്ക് റാലി സംഘടിപ്പിച്ചു

ckmnews

നിയമ വിരുദ്ധ രക്തശേഖരണത്തിനെതിരെ ബി ഡി കെ മലപ്പുറം ബൈക്ക് റാലി സംഘടിപ്പിച്ചു


മലപ്പുറം : നിയമ വിരുദ്ധ രക്തശേഖരണം തടയുക, സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുക എന്നീ പ്രമേയങ്ങൾ മുൻനിർത്തി ബിഡികെ മലപ്പുറം രക്തദാന ബോധവൽക്കരണ സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ചു. ജില്ലയിൽ അംഗീകൃത ബ്ലഡ് ബാങ്ക് സൗകര്യം ഇല്ലാത്ത ആരോഗ്യ സ്ഥാപനങ്ങളിൽ നിർബന്ധപൂർവ്വം രോഗിയുടെ ബന്ധുക്കളെ കൊണ്ട് രക്തദാതാക്കളെ എത്തിച്ചു നിയമവിരുദ്ധമായി ക്രോസ്സ്മാച്ച് നടത്തുകയും രക്തശേഖരണം നടത്തുകയും ചെയ്യുന്നതിനെതിരെയാണ് ബോധവൽക്കരണ സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ചത്. അംഗീകൃത ബ്ലഡ് ബാങ്കുകളിലൂടെ അല്ലാതെ രക്തം എടുക്കാനോ രോഗികൾക്ക് നൽകാനോ പാടില്ലെന്ന നിയമം കാറ്റിൽ പറത്തികൊണ്ടാണ് പല സ്ഥാപനങ്ങളും ഇന്നും രക്തദാന മേഖലയിൽ ഈ ചൂഷണം തുടർന്ന് കൊണ്ടിരിക്കുന്നത്. ഈ ചൂഷണത്തിനെതിരെ  ജില്ലയിലുടനീളം പര്യടനം നടത്തിയ റാലിയുടെ ഔപചാരിക ഫ്ലാഗ് ഓഫ് കർമ്മം രാവിലെ 9 മണിക്ക് എടപ്പാളിൽ വെച്ചു ചങ്ങരംകുളം സർക്കിൾ ഇൻസ്‌പെക്ടർ ബഷീർ ചിറക്കൽ നിർവ്വഹിച്ചു.തുടർന്ന് ബൈക്ക് റാലി ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളായ വളാഞ്ചേരി,തീരൂർ, കോട്ടക്കൽ, വേങ്ങര, മലപ്പുറം, മഞ്ചേരി എന്നീ സ്ഥലങ്ങളിലൂടെ ബോധവൽക്കരണ സന്ദേശം കൈമാറി കൊണ്ട് വൈകുന്നേരം 5 മണിക്ക് പെരിന്തൽമണ്ണ ഇ എം എസ് ടൗൺ സ്ക്വയറിൽ എത്തി സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി കോട്ടക്കൽ സർക്കിൾ ഇൻസ്‌പെക്ടർ അശ്വിത്ത്, വേങ്ങര സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് ഹനീഫ് എന്നിവർ റാലിക്ക് ആശംസകൾ നേരുകയും ബി ഡി കെ മലപ്പുറം ഭാരവാഹികളായ രഞ്ജിത്ത് വെള്ളിയാമ്പുറം, ജുനൈദ് നടുവട്ടം, ബിപിൻ പൂക്കാട്ടിരി, ഗിരീഷ് അങ്ങാടിപ്പുറം, അജ്മൽ വലിയോറ, ഹിജാസ് മാറഞ്ചേരി എന്നിവർ പ്രമേയ പ്രഭാഷണം നിർവ്വഹിക്കുകയും ചെയ്തു.സമാപന സമ്മേളനം പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ ഷാജി ഉദ്ഘാടനം നിർവ്വഹിച്ചു. സമാപന സമ്മേളനത്തിൽ ബി ഡി കെ സംസ്ഥാന ഭാരവാഹി സക്കീർ ഹുസ്സൈൻ തിരുവനന്തപുരം, ഐ എം എ പ്രതിനിധി ഡോ. സീതി, പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്ക് ഓഫീസർ ഡോ. സാലിം, കിംസ് അൽ ഷിഫ പ്രതിനിധി ഷാക്കിർ, ബി ഡി കെ ഖത്തർ പ്രതിനിധി ഷാജി വെട്ടുകാട്ടിൽ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.സമൂഹത്തിന് ദോഷമായി ഭവിക്കുന്നതും ഒട്ടനവധി രോഗികളെ മാറാ രോഗങ്ങളിലേക്ക് തള്ളി വിടുന്നതുമായ വലിയൊരു സത്യത്തെ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബോധവൽക്കരണം നടത്താൻ ബി ഡി കെ മലപ്പുറം മുൻകൈ എടുത്തതിനെ വിവിധ സ്ഥലങ്ങളിൽ സംസാരിച്ച പ്രമുഖ വ്യക്തികൾ പ്രത്യേകം പ്രശംസിച്ചു.