25 March 2023 Saturday

ഉന്തിയ പല്ലിൻ്റെ പേരിൽ ആദിവാസി യുവാവിന് സർക്കാർ ജോലി നിഷേധിച്ച സംഭവം; കേസെടുത്ത് എസ്‍സി എസ്ടി കമ്മീഷൻ

ckmnews

ഇടുക്കി: ഉന്തിയ പല്ലിൻ്റെ പേരിൽ അട്ടപ്പാടിയിലെ ആദിവാസി യുവാവിന് സർക്കാർ ജോലി നിഷേധിച്ച സംഭവത്തില്‍ എസ്‍സി എസ്ടി കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍റെ ഇടപെടൽ. വനംവന്യജീവ് പ്രിൻസിപ്പൽ സെക്രട്ടറി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, പിഎസ് സി സെക്രട്ടറി എന്നിവർ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് എസ്‍സി എസ്ടി കമ്മീഷൻ നിര്‍ദ്ദേശിച്ചു.


ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ ഉദ്യോഗമാണ് നിരതെറ്റിയ പല്ലിന്‍റെ പേരില്‍ ആനവായി ഊരിലെ മുത്തുവിന് നഷ്ടമാകുന്നത്. അട്ടപ്പാടി പൂതൂർ പഞ്ചായത്തിലെ ആനവായി ഊരിലെ, വെള്ളിയുടെ മകനാണ് മുത്തു. സെപ്തംബറിൽ നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ എഴുത്ത് പരീക്ഷയും, ഈ മാസം ആദ്യം കായിക ക്ഷമത പരീക്ഷയും വിജയിച്ചു. എന്നാൽ, ശാരീരിക ക്ഷമത പരിശോധിച്ച ഡോക്ടർ ഉന്തിയ പല്ല് സർട്ടിഫിക്കറ്റിൽ എടുത്ത് എഴുതിയത് വിനയായി. നിരതെറ്റിയ പല്ല് അയോഗ്യതയെന്ന് വിജ്ഞാപനത്തിലുണ്ടെന്നാണ് പിഎസ്‍സി നൽകുന്ന വിശദീകരണം.  


ചെറുപ്പത്തിലുണ്ടായ വീഴചയിലാണ് മുത്തുവിൻ്റെ പല്ലിന് തകരാർ വന്നത്. പണമില്ലാത്തത് കൊണ്ട് അന്ന് ചികിത്സിക്കാനായില്ല. കാടിനെ ആശ്രയിച്ച് ജീവിക്കുന്ന മുത്തുവിൻ്റെ കുടുംബത്തിൻ്റെ സ്വപ്നമാണ് നിരതെറ്റിയ പല്ലിൻ്റെ പേരിൽ തകർന്നുപോയത്. മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് പിഎസ്‍സി ആണെന്നും വനംവകുപ്പ് നിസ്സഹായരാണെന്നും മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു