29 March 2024 Friday

20,000 കോടിയുടെ കോവിഡ് പാക്കേജുമായി സർക്കാർ

ckmnews

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഒരാൾക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട് സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ രോഗബാധിതരുടെ എണ്ണം 25 ആയി. രോഗം ഭേദമായ മൂന്ന് പേർ ഉൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. 31,173 പേർ നിരീക്ഷണത്തിലാണ്. 30,936പേർ വീടുകളിലും 237 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ. ഇന്ന് 64 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  


പുതുതായി 6,103 പേർ നിരീക്ഷണത്തിലുണ്ട്. 5,155പേർ രോഗബാധയില്ലാത്തതിനാൽ നിരീക്ഷണത്തിൽ നിന്ന് ഒഴിവായി. 2,921 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 2,342 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി. 


സംസ്ഥാനം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ ജനജീവിതത്തെ രോഗാണു വ്യാപനം ബാധിച്ചു. സാമ്പത്തിക രംഗത്ത് പ്രശ്നങ്ങളുണ്ട്. കോവിഡ് കാരണം പ്രതിസന്ധിയിലായ ജനജീവിതവും സാമ്പത്തിക മേഖലയും തിരിച്ചു പിടിക്കാൻ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നടപ്പിലാക്കും. കുടുംബശ്രീ വഴി ഈ വരുന്ന രണ്ടു മാസങ്ങളിൽ 2,000 കോടിരൂപയുടെ വായ്പ ലഭ്യമാക്കും. ഏപ്രിൽ, മെയ് മാസങ്ങളിൽ 1000 കോടിരൂപ വീതമുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കും.


ഏപ്രിൽ മാസത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഈ മാസം തന്നെ നൽകും. രണ്ടു മാസത്തെ പെൻഷൻ തുക ഒരുമിച്ചാണ് നൽകുക. ഇതിനായി 1,320 കോടി അനുവദിക്കും. 50 ലക്ഷത്തിൽ പരം ആളുകൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ കൊടുക്കുന്നുണ്ടെങ്കിലും ബിപിഎൽ, അന്ത്യോദയ വിഭാഗത്തിലെ കുടുംബങ്ങളിൽ ചിലർ ഈ പെൻഷൻ വാങ്ങുന്നില്ല. ആ പ്രയാസം കണക്കിലെടുത്ത് അവർക്ക് 1000 രൂപവീതം നൽകും. 100 കോടിരൂപ ഇതിനായി വിനിയോഗിക്കും.


സംസ്ഥാനത്താകെ എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാപേർക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം നൽകും. ബിപിഎൽ അന്ത്യോദയ വിഭാഗങ്ങൾക്ക് പുറമേ ഉള്ളവർക്ക് 10 കിലോ അരിയാണ് നൽകുന്നത്. ഇതിനായി 100 കോടി രൂപ അനുവദിച്ചു. 25 രൂപയ്ക്ക് ഭക്ഷണം കിട്ടുന്ന 1000 ഭക്ഷണശാലകൾ സെപ്റ്റംബറിൽ തുടങ്ങാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ ഏപ്രിലിൽ തന്നെ അവ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. 25 രൂപയെന്നത് 20 രൂപയാക്കി. ഇതിന് 50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ആരോഗ്യ പാക്കേജിനായി 500 കോടി വകയിരുത്തി. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ കൊടുക്കാനുള്ള കുടിശ്ശിക ഏപ്രിലിൽ കൊടുക്കും. 14,000 കോടിരൂപ ഇതിനായി വേണ്ടിവരുമെന്നു മുഖ്യമന്ത്രി പറഞ്ഞു.


ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് ചാർജിൽ ഇളവ് നൽകും. ബസുകളിൽ സ്റ്റേറ്റ് കാരിയറും കോൺട്രാക്റ്റ് കാരിയറും മൂന്നുമാസം നൽകേണ്ട നികുതിയിൽ ഇളവ് നൽകാൻ തീരുമാനിച്ചു. സ്റ്റേറ്റ് കാരിയറുകൾക്ക് ഏപ്രിൽ മാസത്തെ നികുതിയിലാണ് ഇളവ് നൽകുന്നത്. അതിനു തുല്യമായി കോണ്‍ട്രാക്റ്റ് കാരിയറുകൾക്കും ഇളവ് നൽകും. 23.60 കോടിയുടെ ഇളവാണ് ഇരു വിഭാഗങ്ങൾക്കും നൽകുന്നത്. വൈദ്യുതി,വെള്ളം ബില്ല് പിഴ കൂടാതെ അടയ്ക്കാൻ ഒരു മാസത്തെ സാവകാശം അനുവദിച്ചു. സിനിമാ തിയേറ്ററുകളുടെ വിനോദ നികുതിയിൽ ഇളവ് നൽകും.