29 March 2024 Friday

കണക്ക് തീർക്കാൻ ബ്ലാസ്റ്റേഴ്‌സ്.. ഇന്ന് ഒഡിഷ എഫ് സി യോട്.

ckmnews

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. ഒഡീഷയുമായുള്ള എവേ മാച്ചിലെ പരാജയത്തിന് സ്വന്തം തട്ടകത്തില്‍ കണക്ക് തീര്‍ക്കാനുള്ള അവസരം കൂടിയാണ് കൊമ്പന്മാര്‍ക്ക് ഇന്ന്. ഓക്ടോബര്‍ 24 ആയിരുന്നു എവേ മാച്ചില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഓഡീഷയോട് തകര്‍ന്ന ബ്ലാസ്റ്റേഴസ് അല്ല കൊച്ചിയില്‍ ഇന്ന് ഇറങ്ങുന്നത്. 


തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താളം കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ ആറ് കളികളില്‍ ചെന്നൈയുമായുള്ള സമനില ഒഴിച്ചാല്‍ ആധികാരിക വിജയത്തോടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം. പത്ത് കളികളില്‍ 19 പോയിന്റുമായി ഐഎസ്എല്‍ ടേബിളില്‍ അവസാന നാലിലേക്ക് മത്സരിക്കുന്നവരാണ് രണ്ട് ടീമുകളും. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തില്‍ ദിമിത്രിയോസ് ദയമന്റക്കോസ്, സഹല്‍ അബ്ദുള്‍ സമദ് അടക്കമുള്ളവര്‍ ഫോമിലാണ്. 


മധ്യനിരയില്‍ ഇവാന്‍ കല്യൂ്ഷ്‌നി, ക്യാപ്റ്റന്‍ ലൂണ സഖ്യം നിരന്തരം അപകടം വിതക്കാന്‍ കഴിവുള്ളവര്‍. കൊച്ചിയിലെ ആരാധകരുടെ പിന്തുണകൂടിയാകുമ്പോള്‍ പ്രഹരശേഷി ഇരട്ടിയാകും. ഒഡീഷയും ശക്തരുടെ നിരയാണ് കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോള്‍ നേടിയ ജെറിയും പെഡ്രോ മാര്‍ട്ടിനും, ഡീഗോ മൗറീഷ്യോയും മികച്ച ഫോമിലാണ്. ബ്ലാസ്റ്റേഴ്സിന് ഒന്നിലധികം ലക്ഷ്യങ്ങളുണ്ട്. പത്ത് കളിയില്‍ ബ്ലാസ്റ്റേഴ്‌സിനും ഒഡിഷയ്ക്കും 19 പോയിന്റ് വീതമാണുള്ളത്.

ബ്ലാസ്റ്റേഴ്‌സ് പതിനെട്ട് ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് പതിനാല് ഗോള്‍ മാത്രം. ഒഡിഷ പതിനഞ്ച് ഗോള്‍ നേടിയപ്പോള്‍ പതിനാല് ഗോള്‍വഴങ്ങി. ഗോള്‍ വ്യത്യാസത്തില്‍ ബ്ലാസ്റ്റേഴ്‌സ് അഞ്ചും ഒഡിഷ ആറും സ്ഥാനത്താണ്. തുടര്‍വിജയങ്ങളുമായി മുന്നേറിയ ബ്ലാസ്റ്റേഴ്‌സിനെ അവസാന മത്സരത്തില്‍ ചെന്നൈയിന്‍ സമനിലയില്‍ തളച്ചിരുന്നു. ഇരുടീമും ആകെ ഏറ്റുമുട്ടിയത് 19 കളിയില്‍. ബ്ലാസ്റ്റേഴ്‌സിന് ഏഴും ഒഡിഷയ്ക്ക് അഞ്ചും ജയമുണ്ടായി. ഏഴ് കളി സമനിലയില്‍ അവസാനിച്ചു