സന്തോഷ് ട്രോഫിയില്‍ വിജയത്തോടെ തുടങ്ങാന്‍ കേരളം; ആദ്യ എതിരാളി രാജസ്ഥാന്‍

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. വൈകിട്ട് 3.30ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാനാണ് എതിരാളികള്‍. പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് ഇന്ന് കോഴിക്കോട് ആരംഭിക്കുന്നത്. ജമ്മു കശ്മീര്‍, മിസോറാം, ആന്ധ്രാ പ്രദേശ്, ബീഹാര്‍ എന്നിവരാണ് ഗ്രൂപ്പ് രണ്ടിലെ മറ്റു ടീമുകള്‍ ദിവസവും രണ്ട് കളികളാണ് ഉള്ളത്. രാവില എട്ടിനും വൈകിട്ട് മൂന്നരക്കും. ഓരോ ടീമിനും അഞ്ച് കളികളാണ് ഉള്ളത്.
മികച്ച രണ്ട് ടീമുകള്‍ക്കാണ് ഫൈനല്‍ റൗണ്ട് യോഗ്യത. രാജസ്ഥാനെതിരെ ആദ്യ കളിയില്‍ വിജയത്തുടക്കത്തിനുള്ള ഒരുക്കത്തിലാണ് കേരള ടീം. ഗ്രൂപ്പില്‍ മിസോറാമാണ് കേരളത്തിന്റെ പ്രധാന എതിരാളികള്‍. നിലവിലെ ചാംപ്യന്മാരാണ് കേരളം. കഴിഞ്ഞ തവണ ബംഗാളിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് കേരളം കിരീടം നേടിയത്. ഇത്തവണയും കേരളം ഫൈനല്‍ റൗണ്ടിന് വേദിയാവാന്‍ സാധ്യതയുണ്ട്. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ സൗദി അറേബ്യയില്‍ നടത്താനുള്ള ആലോചനയിലുമാണ് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍.
കിരീടം നില നിര്‍ത്തുകയാണ് കേരള ടീമിന്റെ ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ വി മിഥുന്‍ പറഞ്ഞു.