25 April 2024 Thursday

തിരുവനന്തപുരത്ത് നാലിടത്ത് കടലില്‍ തിരയില്‍പ്പെട്ട് അപകടം: ഒരുമരണം, 3 പേരെ കാണാതായി

ckmnews

തിരുവനന്തപുരത്ത് നാലിടത്ത് കടലില്‍ തിരയില്‍പ്പെട്ട് അപകടം: ഒരുമരണം, 3 പേരെ കാണാതായി


തിരുവനന്തപുരം:തിരുവനന്തപുരത്ത് തീരപ്രദേശത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കിടെ നാലിടത്ത് കടലിൽ തിരയിൽപ്പെട്ട് അപകടം. ഒരാൾ മരിച്ചു, മൂന്നു യുവാക്കളെ കാണാതായി. തുമ്പയിൽ കടലിൽ കുളിക്കാനിറങ്ങിയ ഫ്രാങ്കോ (38) ആണ് മരിച്ചത്. പുത്തൻതോപ്പിൽ കുളിക്കാനിറങ്ങിയ ശ്രേയസ് (16), സാജിദ് (19) എന്നിവരെയും മാമ്പിള്ളിയിൽ കുളിക്കുന്നതിനിടെ സാജൻ ആന്റണി (34)യെയും കാണാതായി. മുതലപ്പുഴി ബീച്ചില്‍ വീട്ടമ്മയാണ് ഒഴുക്കിൽപ്പെട്ടത്. കൊച്ചുമകനൊപ്പം എത്തിയ വീട്ടമ്മ കാൽ കഴുകുന്നതിനിടെയാണ് ശക്തമായ തിരയിൽപ്പെട്ടത്. ഇവരെ രക്ഷപ്പെടുത്തി.


പുത്തൻതോപ്പിൽ മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്താനായി. കാണാതായവർക്കായി രാത്രി 8 മണിവരെ മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തെക്കൻ ജില്ലകളിൽ ചെറിയ മഴ തുടരുന്നുണ്ട്. കടലിൽ അടിയൊഴുക്ക് ശക്തമായതിനാൽ കാണാതായവര്‍ക്കായുള്ള തിരച്ചിൽ തിങ്കള്‍ പുലർച്ച മാത്രമേ തുടരാനാകൂ.