25 April 2024 Thursday

എംബാപ്പെ പരിഹാസം അതിരുകടന്നു:മാർട്ടിനെസിനെതിരെ പരാതി നൽകി ഫ്രഞ്ച് ഫുട്ബാൾ അസോസിയേഷൻ

ckmnews

എംബാപ്പെ പരിഹാസം അതിരുകടന്നു:മാർട്ടിനെസിനെതിരെ പരാതി നൽകി ഫ്രഞ്ച് ഫുട്ബാൾ അസോസിയേഷൻ


സൂപ്പർതാരം കിലിയൻ എംബാപ്പെയെ അർജന്‍റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് പരിഹസിച്ചതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് ഫുട്ബാൾ അസോസിയേഷൻ പരാതി നൽകി.


അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്‍റിനാണ് ഫ്രഞ്ച് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്‍റ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. ലോകകപ്പ് ഫൈനൽ മത്സരത്തിനു പിന്നാലെ ഡ്രസിങ് റൂമിലും അർജന്‍റീനയിലെ വിക്ടറി പരേഡിലും മാർട്ടിനെസ് എംബാപ്പെയെ പരിഹസിക്കുന്നതിന്‍റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.



മാർട്ടിനെസിന്‍റെ പ്രവൃത്തികൾ അതിരുകടന്നതായി ഫ്രഞ്ച് എഫ്.എ പ്രസിഡന്‍റ് നോയൽ ലെ ഗ്രെറ്റ് അയച്ച കത്തിൽ പറയുന്നു. ഒരു കായിക മത്സരത്തിന്റെ പശ്ചാത്തലത്തിൽ, ഈ അതിരുകടക്കൽ അസാധാരണമാണെന്ന് ഞാൻ കരുതുന്നു. ഇത് വളരെ നിന്ദ്യമായ ഒരു കാര്യമാണെന്നും അദ്ദേഹം പറയുന്നു.


ഡ്രസിങ് റൂമിലെ ആഘോഷത്തിനിടെ എംബാപ്പെക്കായി ഒരു നിമിഷം മൗനം ആചരിക്കാന്‍ മാർട്ടിനെസ് ആവശ്യപ്പെടുന്നതിന്‍റെ വിഡിയോ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ബ്വേനസ് എയ്റിസിലെ വിക്‌ടറി പരേഡില്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയും കൈയിൽ പിടിച്ച് നിൽക്കുന്ന മിർട്ടിനെസിന്‍റെ ചിത്രം പുറത്തുവന്നത്. പാവയുടെ മുഖത്തിന്‍റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രമാണ് ഒട്ടിച്ചിരിക്കുന്നത്.


മത്സരത്തിന്‍റെ ആദ്യ 80 മിനിറ്റ് വരെ അര്‍ജന്‍റീന മുന്നിലായിരുന്നെങ്കിലും എംബാപ്പെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഫ്രാന്‍സിനെ ഒപ്പമെത്തിക്കുകയായിരുന്നു. ഫ്രാന്‍സ് പരാജയപ്പെട്ടെങ്കിലും ഹാട്രിക്കുമായി ഫൈനലിലെ സൂപ്പർതാരം എംബാപ്പെയായിരുന്നു.