19 April 2024 Friday

ബോംബ് സൈക്ലോണില്‍ വിറച്ച് യുഎസും കാനഡയും, 20 മരണം; ഗതാഗതം നിശ്ചലം

ckmnews

ബോംബ് സൈക്ലോണില്‍ വിറച്ച് യുഎസും കാനഡയും, 20 മരണം; ഗതാഗതം നിശ്ചലം


ന്യൂയോര്‍ക്ക്∙അമേരിക്കയില്‍ ശീതക്കൊടുക്കാറ്റ് അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ക്രിസ്മസ് ദിനത്തില്‍ വൈദ്യുതിയില്ലാതെ കൊടുംശൈത്യത്തിന്റെ പിടിയിലമര്‍ന്ന് പത്തുലക്ഷത്തോളം പേര്‍. ബോംബ് സൈക്ലോണ്‍ എന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ക്യുബെക് മുതല്‍ ടെക്‌സസ് വരെയുള്ള 3,200 കിലോമീറ്റര്‍ വിസ്തൃതിയില്‍ ഇരുപതോളം പേരാണ് ശീതക്കൊടുങ്കാറ്റില്‍ മരിച്ചത്. ആയിരക്കണക്കിന് വിമാനസര്‍വീസുകള്‍ റദ്ദാക്കി. പല സംസ്ഥാനങ്ങളിലും കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

പടിഞ്ഞാറന്‍ സംസ്ഥാനമായ മൊന്റാനയിലാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവപ്പെടുന്നത്. ഇവിടെ മൈനസ് 45 ഡിഗ്രിയാണ് താപനില. ഫ്‌ലോറിഡ, ജോര്‍ജിയ, ടെക്‌സസ്്, മിനിസോട്ട, ലോവ, വിസ്‌കോന്‍സിന്‍, മിഷിഗന്‍ എന്നിവിടങ്ങളിലും സ്ഥിതി അതീവഗുരുതരമാണ്. പലയിടത്തും കൊടുംമഞ്ഞില്‍ കാഴ്ചാപരിമിതി രൂക്ഷമായതിനാല്‍ ഏറ്റവും തിരക്കേറിയ ക്രിസ്മസ് അവധിക്കാലത്തും നഗരറോഡുകള്‍ പലതും നിശ്ചലമായി. ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. കാനഡയിലെ ഒന്റോറിയ, ക്യുബെക് എന്നിവിടങ്ങളും സമാനസാഹചര്യമാണുള്ളത്. രക്തചംക്രമണം മന്ദഗതിയിലാകുന്നതടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കെന്റക്കിയിലും ന്യൂയോര്‍ക്കിലും സൗത്ത് കരലൈനയിലും കാലാവസ്ഥ അടിയന്തരാവസ്ഥയും വിസ്‌കോസിനില്‍ ഊര്‍ജ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.