18 April 2024 Thursday

പല ഭാഗത്തും അനൈക്യം; ഐക്യം പുനഃസ്ഥാപിക്കാൻ മനുഷ്യർക്ക് കഴിയണം: മാര്‍ ആലഞ്ചേരി

ckmnews

പല ഭാഗത്തും അനൈക്യം; ഐക്യം പുനഃസ്ഥാപിക്കാൻ മനുഷ്യർക്ക് കഴിയണം: മാര്‍ ആലഞ്ചേരി


കൊച്ചി ∙ ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഐക്യം പുനഃസ്ഥാപിക്കാൻ മനുഷ്യർക്ക് കഴിയണമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പല ഭാഗത്തും അനൈക്യം ഉണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ക്രിസ്മസിനോടനുബന്ധിച്ച് നടന്ന പാതിരാ കുർബാനയിൽ സംസാരിക്കുകയായിരുന്നു കർദിനാൾ. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കം നടക്കുന്നതിനാൽ കുർബാന നടന്ന മൗണ്ട് സെന്റ് തോമസിലും കർദിനാളിന് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. രാത്രി പതിനൊന്നരയോടെയായിരുന്നു കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ പാതിരാ കുർബാന ആരംഭിച്ചത്.


തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. അടുത്ത ബന്ധുവിന്റെ മരണം കാരണം ഇത്തവണ ക്ലീമിസ് കാതോലിക്കാ ബാവ ക്രിസ്മിസ് ദിന സന്ദേശം നല്‍കിയില്ല. തിരുവനന്തപുരം പാളയം സെന്‍റ്ജോസഫ് കത്തീഡ്രലില്‍ ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. എല്ലാവരും ക്രിസ്മസ് ആഘോഷിക്കുമ്പോൾ വിഴിഞ്ഞം തുറമുഖ വികസനത്തിന്റെ പേരിൽ സിമന്റ് ഗോഡൗണിൽ കഴിയുന്നവരെ ഓർമിക്കണമെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോ ക്രിസ്മസ് ദിന സന്ദേശത്തിൽ പറഞ്ഞു. ബഫർ സോണിലൂടെ വാസസ്ഥലം അനുസ്മരിക്കണമെന്നും ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു.



എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന തിരുകർമങ്ങൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി. രാത്രി 11 മണിയോടെ ആരംഭിച്ച തിരുകർമങ്ങളിൽ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. കോട്ടയം മാര്‍ ഏലിയ കത്തീഡ്രല്‍ നടന്ന ചടങ്ങില്‍ ഒട്ടേറെ വിശ്വാസികള്‍ പങ്കെടുത്തു. 



‌ഒമാന്‍ സലാലയിലെ സെന്റ് സ്റ്റീഫന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ ചടങ്ങുകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നേതൃത്വം നല്‍കി. വൈകിട്ട് ഏഴരയോടെയാണ് എളംകുളം സെന്റ് മേരീസ് യാക്കോബായ സുനോറോ പള്ളിയിൽ തിരുകർമങ്ങൾ ആരംഭിച്ചത്. യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് തിരുകർമങ്ങൾക്ക് നേതൃത്വം നൽകി. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ കോതമംഗലം മൗണ്ട് സീനായ് അരമന ചാപ്പലിലെ പാതിരാ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി