19 April 2024 Friday

പോലീസിനെ കണ്ട് അമിതവേഗതയിൽ സ്കൂട്ടർ ഓടിച്ച് അപകടം:ബൈക്കിൽ നിന്ന് കണ്ടെടുത്തത് ഒന്നേക്കാൽ കിലോ കഞ്ചാവ് ആശുപത്രിയിൽ നിന്ന് ഇറങ്ങിയ പൊന്നാനി സ്വദേശിയായ കഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

ckmnews


ചങ്ങരംകുളം:കഞ്ചാവുമായി പോകുമ്പോൾ ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ പൊന്നാനി സ്വദേശിയെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി കല്ലൂക്കാരന്റെ ഹൗസിൽ ശിഹാബിനെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ അറസ്റ്റ് ചെയ്തു.ഈ മാസം 9ന് പുലർച്ചെ എടപ്പാൾ പൊന്നാനി  റോഡിലാണ് ശിഹാബ് ഓടിച്ച സ്കൂട്ടർ അപകടത്തിൽ പെട്ടത്‌.എടപ്പാളിൽ നൈറ്റ് പെട്രോളിങിനിറങ്ങിയ പോലീസിനെ കണ്ട് അമിത വേഗതയിൽ ഓടിച്ച് പോയ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശിഹാബിനെ നാട്ടുകാർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.അപകടം നടന്ന സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ ആണ് സ്കൂട്ടറിൽ നിന്ന് ഒന്നേക്കാൽ കിലോ കഞ്ചാവ് കണ്ടെടുത്തത്.തുടർന്ന് പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിഞ്ഞ ശിഹാബ് ഹോസ്പിറ്റൽ വിട്ടതോടെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.പ്രദേശത്തെ കഞ്ചാവിന്റെ മൊത്തവിതരണക്കാരനാണ് ഇയാളെന്നുംചങ്ങരംകുളം പൊന്നാനി മേഖലയിൽ സമാനമായ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും സിഐ ബഷീർ ചിറക്കൽ പറഞ്ഞു.ചങ്ങരംകുളം എസ്ഐ രാജേന്ദ്രൻ,എഎസ്ഐ ഉഷ,പോലീസ് ഡ്രൈവർ സെബീർ,എസ് സി പി ഒ ഷിജു,മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു