29 March 2024 Friday

സിദ്ദിഖ് കാപ്പന് ജാമ്യം; വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ പുറത്തിറങ്ങാം

ckmnews

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാം. കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിനാണ് യുഎപിഎ കേസില്‍ സിദ്ധിഖ് കാപ്പന് ജാമ്യം ലഭിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. 


സിദ്ദിഖ് കാപ്പനെതിരായി മറ്റേതെങ്കിലും കേസുകളുണ്ടോ എന്നുള്‍പ്പെടെ ജയില്‍ അധികൃതര്‍ തീര്‍ച്ചപ്പെടുത്തിയതിന് ശേഷമാകും ഇദ്ദേഹത്തിന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങുക. യുഎപിഎ കേസില്‍ ജാമ്യം നേടിയതിന് ശേഷം ആറാഴ്ചക്കാലം ഡല്‍ഹിയില്‍ കഴിയണമെന്നും അതിനുശേഷം നാട്ടിലേക്ക് മടങ്ങാമെന്നുമായിരുന്നു കോടതി പറഞ്ഞിരുന്നത്. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ജാമ്യം ലഭിക്കാതെ വന്നതോടെയായിരുന്നു ജയില്‍ മോചനം നീണ്ടുപോയത്.


രണ്ടു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം മുന്‍സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന് കോടതി ജാമ്യം അനുവദിച്ചത്. ജോലി സംബന്ധമായ ആവശ്യത്തിനായി ഹത്രസിലേക്കുള്ള യാത്രക്കിടെയാണ് സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.